ആത്മാഭിമാനമുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണം: ഷിബു ബേബിജോൺ

Saturday 11 March 2023 12:08 AM IST

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് പ്രതി ആവർത്തിച്ച് ആരോപണങ്ങൾ ഉന്നയിച്ചിട്ടും മുഖ്യമന്ത്രി നിയമ നടപടികൾ സ്വീകരിക്കാത്തത് സംശയകരമാണെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. ആത്മാഭിമാനമുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കുകയോ ആരോപണങ്ങൾ ശരിയല്ലെന്ന് തെളിയിക്കുകയോ വേണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

സംഭവം ന്യായീകരിക്കാൻ പാർട്ടി സെക്രട്ടറി പാടുപെടുകയാണ്. ഇൗ വിഷയത്തിൽ പ്രതിപക്ഷത്ത് ശക്തമായ പ്രക്ഷോഭം ഉയർന്നുവരേണ്ടതുണ്ട്. ജനങ്ങളുടെ പ്രതിഷേധം പ്രതിഫലിപ്പിക്കും വിധം യു.ഡി.എഫിന്റെ പ്രക്ഷോഭമുണ്ടാവണം.

സി.പി.എം പക്ഷാഘാതം പിടിപെട്ട സ്ഥിതിയിലാണ്. കേരളത്തിലെ സർക്കാർ മരിച്ചു. പൊതുദർശനത്തിന് വച്ചിട്ടുള്ള സർക്കാരിനെ മൂന്ന് വർഷം കഴിയുമ്പോൾ ജനങ്ങൾ സംസ്കരിക്കും. വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പിൽ ആർ.എസ്.പിക്ക് സ്ഥാനാർത്ഥിയുണ്ടാകുമെന്നും ഷിബുബേബിജോൺ പറഞ്ഞു.