റോഡ് പൊളിച്ചാൽ നടപടി : നാഷണൽ ഹൈവേ അതോറിറ്റി

Friday 31 March 2023 12:29 AM IST

പത്തനംതിട്ട: ടാറിംഗ് പൂർത്തിയാക്കിയ പത്തനംതിട്ട-കൈപ്പട്ടൂർ റോഡ് കുത്തിപ്പൊളിക്കാൻ ആരേയും അനുവദിക്കില്ലെന്നും റോഡ് പൊളിക്കുന്നവർക്കെതിരെ ക്രിമിനൽകുറ്റം ചുമത്തി കേസെടുക്കുമെന്നും നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു. ഉന്നത നിലവാരത്തിൽ ടാറിംഗ് പൂർത്തിയാക്കിയ പത്തനംതിട്ട കൈപ്പട്ടൂർ റോഡിന്റെ വശങ്ങൾ കുത്തിപ്പൊളിക്കാൻ ജലഅതോറിറ്റി എത്തിയതിനെ തുടർന്ന് സ്ഥലം സന്ദർശിച്ച ആന്റോ ആന്റണി എം.പിയോടാണ് ഹൈവെ അതോറിറ്റി ഉദ്യോഗസ്ഥർ ഇക്കാര്യം അറിയിച്ചത്. ടാറിംഗ് പൂർത്തീകരിച്ച ഭരണിക്കാവ് മുണ്ടക്കയം 183 എ ദേശീയപാതയുടെ കൈപ്പട്ടൂർ മുതൽ പത്തനംതിട്ട വരെയുള്ള ഭാഗത്താണ് ജല ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പൈപ്പുകൾ ഇറക്കിയിരിക്കുന്നത്.

സംഭവത്തെ തുടർന്ന് നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥരെയും, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി എം.പി കാര്യങ്ങൾ തിരക്കി. മൂന്നുവർഷം മുമ്പ് സ്ഥാപിക്കേണ്ട പൈപ്പുകളാണ് ഇപ്പോൾ വഴിയരികിൽ ഇറക്കിയിട്ടിരിക്കുന്നത്. പൈപ്പ് ലഭ്യമാകാനുള്ള കാലതാമസമാണ് ഈ സാഹചര്യത്തിന് ഇടയാക്കിയതെന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു കാരണവശാലും റോഡ് പൊളിക്കാൻ അനുവദിക്കില്ലെന്നും ദേശീയപാതയുടെ വഴിയോരങ്ങളിൽ അനുമതിയില്ലാതെ പൈപ്പുകൾ ഇറക്കിയിടാൻ പോലും പാടില്ലാത്തതാണെന്നും നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവ്വാഹകസമിതി അംഗം നഹാസ് പത്തനംതിട്ടയും എം.പിക്കൊപ്പം ഉണ്ടായിരുന്നു