എന്തൊരു ചൂട്.. മാളം വിട്ട് പാമ്പുകൾ
കോന്നി: വേനൽ കനത്തതോടെ പാമ്പുകൾ മാളം വിട്ട് ജനവാസമേഖലകളിലേക്ക് ഇറങ്ങുന്നത് വർദ്ധിച്ചു. കിഴക്കൻ മലയോരമേഖലയിലെ പല വീടുകളിൽ നിന്നും അടുത്തിടെ പാമ്പുകളെ പിടികൂടി. ചൂടുകൂടിയാൽ ശീതരക്തമുള്ള പാമ്പുകൾ ശരീരത്തിലെ താപനില നിലനിറുത്താൻ നെട്ടോട്ടമോടും. ചവിട്ടുകയോ മറ്റോ ചെയ്താൽ കൊത്തും. പാമ്പിനെ കണ്ടാൽ അറിയിക്കാൻ പ്രത്യേക പരിശീലനം നൽകിയ വോളണ്ടിയർമാരെ വനംവകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. ഇതിനായി സർപ്പ എന്നപേരിലുള്ള ആപ്ലിക്കേഷൻ പ്‌ളേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഇവരെ വിളിക്കാം. നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലാണ് മൂർഖൻ പാമ്പുകൾ ഇണ ചേരുന്ന സമയം. ഈ സമയത്ത് പാമ്പുകൾ വ്യാപകമായി ജനവാസമേഖലകളിലേക്ക് എത്തുന്നതായി കാണാറുണ്ട്. ഫെബ്രുവരി മാസത്തിലാണ് അണലി മുട്ടയിടുന്നത്. തണുപ്പ് ലഭിക്കുന്ന പ്രദേശങ്ങളിലേക്കാണ് ഇവ മുട്ടയിടാനായി എത്തുക. ഇക്കാരണത്താലാണ് ഈ മാസങ്ങളിൽ ജനവാസ മേഖലകളിൽ പാമ്പ് ശല്യം രൂക്ഷമാകുന്നതെന്നും പറയപ്പെടുന്നു.
സർപ്പ
പാമ്പിനെ കണ്ടാൽ അറിയിക്കാൻ വനം വകുപ്പ് സജ്ജമാക്കിയ ആപ്ലിക്കേഷനാണ് സർപ്പ. പ്ളേ സ്റ്റോറിൽ നിന്ന് ഇത് ഡൗൺലോഡ് ചെയ്ത് വിവരം അറിയിക്കാം
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
@ വീടിന് സമീപം ചപ്പുചവറുകൾ കൂട്ടിയിടരുത്. ചപ്പുചവറുകൾ കൂട്ടിയിട്ടിരിക്കുന്ന സ്ഥലത്താണ് പാമ്പുകൾ തണുപ്പ് തേടി എത്തുന്നത്.
@ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. തണുപ്പ് കിട്ടുന്ന വസ്തുക്കൾ വീടിന്റെ പരിസരത്ത് കൂട്ടി വയ്ക്കരുത്.
@ ഷൂസ് പോലുള്ളവ നന്നായി പരിശോധിച്ച ശേഷം മാത്രം ധരിക്കുക.
@ രാത്രി കാലങ്ങളിൽ ഉറച്ച കാലടികളോടെ നടക്കുക.
@ പാമ്പ് കടിയേറ്റയാളെ ഭയപ്പെടുത്തതാതെ എത്രയും വേഗം ആശുപത്രിയിലെത്തിക്കുക.