വെള്ളമില്ലാതെ നെൽകൃഷി കരിഞ്ഞുണങ്ങി- കണ്ണീരൊഴുക്കി കരിങ്ങാലി പാടം
പന്തളം: കരിങ്ങാലി പാടശേഖരത്തിലെ വാളകത്തിനാൽ പുഞ്ചയിൽ വെള്ളം കിട്ടാതെ നെൽകൃഷി കരിഞ്ഞുണങ്ങി. കെ.ഐ.പി. കനാൽ ഉണ്ടങ്കിലും അതിന്റെ പ്രയോജനം ഈ ഭാഗത്തെ കർഷകർക്ക് ലഭിക്കുന്നില്ല. പാടം വിണ്ടുകീറി വലിയ കട്ടകളായി മാറിയശേഷമാണ് അതിൽ നിന്ന നെല്ല് കതിരുവന്നശേഷം ഉണങ്ങി വീണുപോയത്. വെള്ളം സമയത്ത് കിട്ടാത്തതിനാൽ കതിരുവന്നതിലധികവും പതിരായിട്ടുമുണ്ട്. വാളകത്തിനാൽ പുഞ്ചയുടെ മുകൾ ഭാഗത്തായി 39 വർഷമായി തരിശുകിടന്ന പന്ത്രണ്ടര ഏക്കർ പാടത്തെ പച്ചപുതപ്പിക്കാൻ മുന്നിട്ടിറങ്ങിയ കർഷകരാണ് കണ്ണീരിലായത്.. വരൾച്ച രൂക്ഷമാകുമ്പോൾ കനാൽ തുറന്നുവിട്ടാൽ കനാൽവെള്ളവും ആമപ്പുറം കുളത്തിലെ വെള്ളവും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കൃഷിയിറക്കിയത് ആമപ്പുറത്തുള്ള കുളത്തിൽ നിന്ന് പെട്ടിയും പറയും, അഞ്ച് കുതിരശക്തിയുള്ള രണ്ട് മോട്ടോറും വച്ച് വെള്ളം പമ്പുചെയ്ത് കൃഷിയെ രക്ഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും വെള്ളം തോടുവഴി പാടത്തേക്കെത്തും മുമ്പുതന്നെ കുളം പൂർണമായും വറ്റിക്കഴിഞ്ഞിരുന്നു. തരിശുനില കൃഷി പദ്ധതിയുടെ ഭാഗമായി കൃഷിഭവന്റെ സഹായത്തോടെ കർഷകരായ അമ്പലം നിൽക്കുന്നതിൽ മധുസൂദനൻ നായർ, തേക്കുനിൽക്കുന്നതിൽ രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി ഇറക്കിയിരുന്നത്. വളരെനാളായി തരിശു കിടന്നതിനാൽ നിലം ഒരുക്കാൻതന്നെ വലിയ ചെലവും ബുദ്ധിമുട്ടും നേരിട്ടിരുന്നു. നവംബർ 20ന് വിത്ത് വിതച്ച് നെൽച്ചെടി രണ്ട് മാസത്തെ വളർച്ചയെത്തിയപ്പോഴാണ് വെള്ളം കൂടുതൽ ആവശ്യമുള്ള സമയത്തുതന്നെ ബുദ്ധിമുട്ട് അനുഭവപ്പെട്ടു തുടങ്ങിയത്. വെള്ളം ലഭിക്കാതെ കതിര് പുറത്തേക്കുവരാതെ ഉണങ്ങിക്കരിഞ്ഞിരിക്കുകയാണ് നെൽച്ചെടികൾ. ഇതിനിടെ നെൽച്ചെടി കരിയുന്ന രോഗവും കർഷകർക്ക് വിനയായി.
കനാൽ കൈവിട്ടു
കെ.ഐ.പിയുടെ കനാൽ വെള്ളമാണ് കർഷകർക്ക് പ്രതീക്ഷ നൽകിയിരുന്നത്. കനാൽ ഒരു മാസം മുമ്പ് തുറന്നെങ്കിലും സബ് കനാൽ കടന്നുപോകുന്ന പന്തളത്ത് ചില ഭാഗങ്ങളിൽ വെള്ളം എത്തിയത് കഴിഞ്ഞ ചില ദിവസങ്ങളിൽ മാത്രമാണ്. അത് ഈ ഭാഗത്ത് എത്തിയതുമില്ല. പാടത്തിന് സമീപത്തുകൂടി കടന്നുപോകുന്ന കനാലിൽ നിന്ന് വെള്ളമെത്തിച്ച് കൃഷിയെ രക്ഷിക്കുവാൻ കഴിയുമായിരുന്നെങ്കിലും അധികാരികളാരും കൃഷിക്കാരെ സഹായിക്കാനെത്തിയില്ല.
അത്യുല്പാദനശേഷിയുള്ള ഉമ ഇനത്തിൽപ്പെട്ട വിത്താണ് വിതച്ചിരുന്നത്. പെട്ടിയും പറയും മോട്ടോറും വച്ചതുൾപ്പെടെ വലിയ ചെലവാണ് കർഷകർക്ക് ഇപ്പോൾത്തന്നെ ഉണ്ടായിട്ടുള്ളത്. 7 ലക്ഷത്തോളം രൂപ ചെലവായി
രാജേന്ദ്രൻ
പാടശേഖരസമിതി സെക്രട്ടറി