കൊല്ലുന്ന ഇറക്കുമതി നയം, കർഷകനെ തുടച്ചുനീക്കി റബർ

Friday 10 March 2023 11:39 PM IST

പത്തനംതിട്ട : കടൽ കടന്ന് റബർ വലിയ അളവിൽ എത്തുന്നത് നാട്ടിലെ കർഷകരെ കടക്കെണിയിലാക്കിയിട്ടും അധികൃതർ അറിഞ്ഞമട്ടില്ല. റബർ ബോർഡ് തന്നെ ഇല്ലാതാകുമെന്ന ഭീഷണി നിലനിൽക്കെ, കിലോയ്ക്ക് 140 രൂപയിൽ താഴെ നിൽക്കുകയാണ് വില. പത്തുവർഷം മുൻപ് കിലോയ്ക്ക് 240 രൂപ വില ഉണ്ടായിരുന്നതാണ് കൂപ്പുകുത്തിയത്. വിലയിടിവിന് കാരണമാകുന്ന ഇറക്കുമതി കുറയ്ക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകാത്തതാണ് പ്രധാന പ്രതിസന്ധി. നീതി ആയോഗിന്റെ ശുപാർശയിൻമേൽ റബർ ബോർഡ് തന്നെ ഇല്ലാതാകുമെന്നതാണ് ഇൗ വർഷത്തെ ആശങ്ക. കർഷകർ വിൽക്കുന്ന റബറിന്റെ എഴുപത് ശതമാനവും ടയർ കമ്പനികളാണ് വാങ്ങുന്നത്. വൻകിട കമ്പനികൾ വിദേശത്ത് നിന്ന് റബർ ഇറക്കുമതി ചെയ്യുന്നതിന്റെ തോത് വർദ്ധിപ്പിച്ചതോടെ നാട്ടിലെ റബറിന് വിലയിടിഞ്ഞു.

റബർ കർഷകർക്കുള്ള സംസ്ഥാന സർക്കാർ സബ്സിഡി 500 കോടിയിൽ നിന്ന് 600 കോടിയായി വർദ്ധിപ്പിച്ചെങ്കിലും അതിന്റെ പ്രയോജനം കർഷകരിലേക്ക് എത്തിയില്ല. വില കിലോയ്ക്ക് 170ൽ താഴെയായാൽ സബ്സിഡി സംസ്ഥാന സർക്കാർ നൽകുമെന്നായിരുന്നു പ്രഖ്യാപനം. കരിമ്പിനും പരുത്തിക്കുമെല്ലാം കേന്ദ്രസർക്കാർ താങ്ങുവില വർദ്ധിപ്പിച്ചെങ്കിലും റബർ കർഷകരെ തഴയുകയാണെന്ന് ആക്ഷേപം ശക്തമാണ്. റബർ വില ഇനി കാര്യമായി വർദ്ധിക്കാൻ പോകുന്നില്ലെന്നാണ് ഇൗ മേഖലയെ പഠന വിഷയമാക്കിയവർ പറയുന്നത്. റബർ കൃഷിയുള്ള സ്ഥലങ്ങൾക്ക് വിലയില്ലാതെ വരുന്നത് കർഷകരെ വലിയതോതിൽ പ്രതിസന്ധിയിലാക്കുന്നു. റബർ മരങ്ങൾ വിറ്റാൽ ഇനിയെന്ത് എന്ന ചോദ്യം കർഷകർക്കു മുന്നിലുണ്ട്. റബർ നഴ്സറി, റബർ ഉൽപ്പന്നങ്ങൾ പ്രോസസ് ചെയ്യാനുള്ള പദ്ധതികൾ തുടങ്ങിയവയൊക്കെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നതാണെങ്കിലും കർഷകർക്ക് ഉണർവേകാനുള്ള നടപടികളിലേക്ക് കടന്നിട്ടില്ല.

'' റബർ കൃഷിയിൽ നിന്ന് ആദായം ലഭിക്കുന്നില്ല. ടാപ്പിംഗ് തൊഴിലാളികളുടെ കൂലി കൊടുത്തു കഴിഞ്ഞാൽ നഷ്ടം മാത്രമാണ് ബാക്കി. ലാറ്റക്സിനും വിലയില്ളാതായി. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപെട്ടില്ളെങ്കിൽ പ്രതിസന്ധി രൂക്ഷമാകും.

എം.ശ്രീധരൻ, റബർ പ്രൊഡ്യൂസേഴ്സ് സൊസൈറ്റി.

റബർ വില കിലോയ്ക്ക് 140 രൂപയിൽ താഴെ,

കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കയ്യൊഴിയുന്നുവെന്ന് കർഷകർ

Advertisement
Advertisement