ഗാന്ധിജിയുടെ ആദ്യ കൊല്ലം സന്ദർശനത്തിന് 98 വയസ്

Saturday 11 March 2023 12:25 AM IST

കൊല്ലം: ഗാന്ധിജിയുടെ ആദ്യ കൊല്ലം സന്ദർശനത്തിന് നാളെ 98 വയസ്. ഇതിന്റെ ഓർമ്മ പുതുക്കി കെ.പി.സി.സി വിചാർ വിഭാഗ് ജില്ലാ കമ്മിറ്റി ഞായറാഴ്ച വൈകിട്ട് 3ന് കൊല്ലം കോൺഗ്രസ് ഭവനിൽ ഗാന്ധി സ്മൃതി സംഘടിപ്പിക്കും.

ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി മുൻ വൈസ് പ്രസിഡന്റ് മോഹൻ ശങ്കർ മുഖ്യപ്രഭാഷണം നടത്തും. വിചാർ വിഭാഗ് ജില്ലാ ചെയർമാൻ ജി.ആർ.കൃഷ്ണകുമാർ അദ്ധ്യക്ഷനാകും. വൈക്കം സത്യഗ്രഹ വേദി സന്ദർശിച്ചതിന് ശേഷം ആലപ്പുഴയിൽ നിന്ന് ബോട്ട് മാർഗമാണ് 1925 മാർച്ച് 12ന് ഗാന്ധിജി കൊല്ലത്തെത്തിയത്. കന്റോൺമെന്റ് മൈതാനിയിൽ കൊല്ലം മുനിസിപ്പൽ ചെയർമാന്റെ നേതൃത്വത്തിൽ ചേർന്ന സ്വീകരണ സമ്മേളനത്തിൽ കൊല്ലം നിവാസികളുടെ സ്നേഹാദരങ്ങളുടെ പ്രതീകമായി പ്രൗഢമായൊരു മംഗള പത്രവും ഗാന്ധിജിക്ക് സമ്മാനിച്ചിരുന്നു. കൊല്ലത്ത് നിന്നാണ് അദ്ദേഹം ചരിത്ര പ്രസിദ്ധമായ ശിവഗിരി സന്ദർശനത്തിന് യാത്ര തിരിച്ചത്.