ജില്ലാ പഞ്ചായത്തിന്റെ അമരത്ത് ഇനി പി.കെ. ഗോപൻ

Saturday 11 March 2023 12:27 AM IST

കൊല്ലം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കുന്നത്തൂർ ഡിവിഷനിൽ നിന്നുള്ള പി.കെ.ഗോപൻ തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്ത 26 വോട്ടിൽ 23 ഉം നേടിയാണ് പി.കെ.ഗോപൻ പ്രസിഡന്റ് സ്ഥാനത്തെത്തിയത്. ഫലപ്രഖ്യാപനത്തിന് ശേഷം വരണാധികാരിയായ ജില്ലാ കളക്ടർ പ്രസിഡന്റിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ചടയമംഗലം ഡിവിഷനിൽ നിന്നുള്ള സാം.കെ.ഡാനിയൽ, സി.പി.എം ജില്ലാ കമ്മിറ്റി അംഗമായ പി.കെ.ഗോപനെ പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദേശിച്ചു. കരവാളൂർ ഡിവിഷനിലെ കെ.ഷാജി പിന്താങ്ങി. യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച വെട്ടിക്കവല ഡിവിഷനിൽ നിന്നുള്ള ബ്രിജേഷ് എബ്രഹാമിന് മൂന്ന് വോട്ടുകൾ ലഭിച്ചു.

പരിസ്ഥിതി സൗഹൃദ പദ്ധതികൾക്ക്

പ്രാധാന്യം: പി.കെ.ഗോപൻ

കാർഷിക - പരിസ്ഥിതി സൗഹൃദ വികസന പ്രവർത്തനങ്ങൾക്ക് ജില്ലാ പഞ്ചായത്ത് പ്രാധാന്യം നൽകുമെന്ന് പ്രസിഡന്റായി പി.കെ.ഗോപൻ ചുമതലയേറ്റ ശേഷം പറഞ്ഞു.

ജില്ലാ പഞ്ചായത്തിന്റെ സ്വപ്നപദ്ധതിയായ ഫാം ടൂറിസം മികവുറ്റതാക്കാൻ കുര്യോട്ടുമല ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ശ്രദ്ധേയ പദ്ധതികൾ ആവിഷ്‌കരിക്കും. കാർഷിക മേഖലയിൽ സമഗ്ര വികസനത്തിന് തരിശുഭൂമി കാർഷിക ഉപയുക്തമാക്കും.

ഹയർ സെക്കൻഡറി ഉൾപ്പെടെയുള്ള ജില്ലയിലെ 69 സർക്കാർ ഹൈസ്‌കൂളുകളിൽ നൂതന പദ്ധതികൾ ആവിഷ്‌കരിക്കും. പെൺകുട്ടികൾക്ക് മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്യും. ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ആധുനിക സംവിധാനം ഉൾപ്പെടെ കൂടുതൽ മെച്ചപ്പെട്ട സൗകര്യം ഒരുക്കും. ബ്ലോക്ക് ഗ്രാമപഞ്ചായത്തുകൾ യോജിപ്പിച്ചുള്ള പ്രവർത്തനങ്ങൾ നടപ്പാക്കും. ഭരണപ്രതിപക്ഷമില്ലാതെ ജില്ലാ പഞ്ചായത്ത് ഒറ്റക്കെട്ടായി പ്രവർത്തിച്ച് സർഗാത്മക വികസനം സാദ്ധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വൈസ് പ്രസിഡന്റ് 20ന് രാജിവയ്ക്കും

നിലവിലെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സുമലാൽ മുന്നണി ധാരണപ്രകാരം 20ന് രാജിവയ്ക്കും. 17ന് ബഡ്‌ജറ്റ് അവതരിപ്പിച്ച് പാസാക്കിയ ശേഷമാകും രാജി. പിന്നീട് സി.പി.ഐക്കാണ് വൈസ് പ്രസിഡന്റ് സ്ഥാനം. ജില്ലാ പഞ്ചായത്തിന്റെ ജനകീയ പദ്ധതികളുടെ ആവിഷ്കരണത്തിലും അവ വിജയിപ്പിക്കുന്നതിലും സുമലാൽ നിർണായക പങ്ക് വഹിച്ചിരുന്നു.