മതേതര സഖ്യത്തിന് സ്റ്റാലിൻ മുന്നിട്ടിറങ്ങണം:മുസ്‌ലിം ലീഗ്

Saturday 11 March 2023 1:25 AM IST

ചെന്നൈ: ദേശീയതലത്തിലും മതേതര സഖ്യം രൂപവത്കരിക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ മുന്നിട്ടിറങ്ങണമെന്ന് മുസ്‌ലിം ലീഗ് നേതൃത്വം. ലീഗിന്റെ പ്ലാറ്റിനം ജൂബിലി സമ്മേളനം സമാപന റാലിയിൽ മുഖ്യാതിഥിയായി എത്തിയ എം.കെ.സ്റ്റാലിനെ സാക്ഷിയാക്കി ലീഗ് ദേശീയ പ്രസിഡ‌ന്റ് പ്രൊഫ. കെ.എം. ഖാദർ മൊയ്തീനാണ് ഈ ആവശ്യമുന്നയിച്ചത്.

എല്ലാ മതേതര പാർട്ടികളെയും ഒരുകുടക്കീഴിൽ അണിനിരത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ രീതി കോൺഗ്രസ് മാതൃകയാക്കണമെന്നും ലീഗ് പ്ലാറ്റിനം ജൂബിലി മഹാസമ്മേളനം ആവശ്യപ്പെട്ടു.

ഇന്ത്യയിൽ ഇന്ന് ജീവിച്ചിരിക്കുന്ന മുഖ്യമന്ത്രിമാരിൽ ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങൾ ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് സ്റ്റാലിനോടാണെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. സെക്യുലർ ഇന്ത്യയുടെ ഏറ്റവും മികച്ച ഉദാഹരണമാണ് അദ്ദേഹത്തിന്റെ നിലപാടുകൾ. മുസ്‌ലിം സമുദായം സ്റ്റാലിന്റെ കൈകളിൽ സുരക്ഷിതമാണെന്ന് മുസ്‌‌ലിം ലീഗിനറിയാം. പിന്നാക്ക, ന്യൂനപക്ഷ സമുദായത്തോടൊപ്പം നിൽക്കുന്ന സ്റ്റാലിന്റെ കൂടെ എന്നും മുസ്‌ലിം ലീഗുണ്ടാകും. പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഓൾ‌ഡ് മഹാബലിപുരം റോഡ‌ിലെ വൈ.എം.സി.എ സ്റ്റേഡിയത്തിലെ മഹാറാലിയും സമാപന സമ്മേളനവും മുസ്‌ലിം ലീഗ് രാഷ്ട്രീയകാര്യ സമിതി ചെയർമാൻ സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ മുഖ്യാതിഥിയായി. ഈ പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി കേരളത്തിൽ നിന്ന് വന്ന പ്രിയപ്പെട്ട മലയാളികൾക്ക് എന്റെ വണക്കം എന്ന് മലയാളത്തിൽ അദ്ദേഹം പറഞ്ഞതോടെ പ്രവർത്തകർ ഹർഷാരവം മുഴക്കി. മുസ്‌ലിം ലീഗ് വിളിച്ചാൽ സമ്മേളനത്തിന് തനിക്ക് വരാതിരിക്കാനാവില്ലെന്ന് സ്റ്റാലിൻ പറഞ്ഞു. മതം കൊണ്ട് രാജ്യത്ത് വെറുപ്പ് പടർത്താൻ ചിലർ ശ്രമിക്കുന്നുണ്ട്. 2024ലെ തിരഞ്ഞെടുപ്പിൽ അവരെ പാഠം പഠിപ്പിക്കണം. ഈ തിരഞ്ഞെടുപ്പ് വിജയിക്കാൻ നാം ഒരുമിച്ചുനിൽക്കണം.

പൗരത്വ ഭേദഗതി, എൻ.ആർ.സി എന്നിവ പിൻവലിക്കണമെന്നും പുതിയ ജാതി സെൻസസ് നടത്തി പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന് ഉതകുന്ന പദ്ധതികൾ തയ്യാറാക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇ.ടി.മുഹമ്മദ് ബഷീർ, കെ.എ.എം അബൂബക്കർ,​ ഡോ.എം.കെ.മുനീർ, സിറാജ് ഇബ്രാഹീം സേട്ട്, പി.വി.അബ്ദുൽവഹാബ് എം.പി, അബ്ബാസലി ശിഹാബ് തങ്ങൾ, മുനവറലി ശിഹാബ് തങ്ങൾ, അബ്ദുസമദ് സമദാനി, ഖുറം അനീസ് ഉമർ, ആസിഫ് അൻസാരി, അഡ്വ.പി.എം.സാദിഖലി, എ.എസ്.ഫാത്തിമ മുസഫർ തുടങ്ങിയവർ സംസാരിച്ചു.

ഓർമ്മകൾ ഇരമ്പി രാജാജി ഹാൾ

മുസ്‌ലിം ലീഗ് രൂപീകൃതമായ അതേ ഹാളിൽ 75 വർഷത്തിന് ശേഷം അന്നെടുത്ത പ്രതിജ്ഞ പുതുക്കാൻ നേതാക്കളും പ്രവർത്തകരും ഒത്തുചേർന്നപ്പോൾ അഭിമാനകരമായ ഓർമ്മകളുടെ കടലിരമ്പമായിരുന്നു. 1948 മാർച്ച് 10ന് ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായിലിന്റെ നേതൃത്വത്തിൽ ലീഗ് ഇനി രാജ്യത്ത് തുടരണോ, പിരിച്ചുവിടണോ എന്ന് തീരുമാനിക്കാനായിരുന്നു ചെന്നൈ രാജാജി ഹാളിൽ യോഗം ചേർന്നത്. ഇന്നലെ 75 വർഷത്തിന്റെ നിറവിൽ അതേ ഹാളിൽ നേതാക്കളും പാർട്ടി പ്രതിനിധികളും ഒത്തുചേർന്ന് ലീഗിനെ പൂർവാധികം ശക്തിയോടെ മുന്നോട്ടുനയിക്കുമെന്ന് പ്രതിജ്ഞയെടുത്തു.