കള്ളനോട്ട് കേസ്; മാനസി​ക പ്രശ്നങ്ങളുണ്ടെന്ന് ജി​ഷ മോൾ, മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

Saturday 11 March 2023 1:27 AM IST

ആലപ്പുഴ: കള്ളനോട്ട് കേസിൽ അറസ്റ്റിലായ എടത്വ കൃഷി ഓഫീസർ ജിഷമോൾ (39), തനിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് കോടതിയിൽ പറഞ്ഞതോടെ തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. മാവേലിക്കര ജയിലിൽ റി​മാൻഡി​ലായി​രുന്ന ജിഷയെ വ്യാഴാഴ്ച രാത്രിയാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. ജിഷയെ ഏതാനും ദിവസം മാനസികാരോഗ്യ വിദഗ്ദ്ധരുടെ നിരീക്ഷണത്തിൽ പ്രത്യേക സെല്ലിൽ പാർപ്പിക്കും. തുടർന്ന് പരിശോധന റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. ഇതിനു ശേഷം വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പി​നുമായി​ പൊലീസ് കസ്റ്റഡിയി​ൽ വാങ്ങും. ഇതുവരെ നടത്തി​യ ചോദ്യം ചെയ്യലിൽ കള്ളനോട്ടിന്റെ ഉറവിടം വെളിപ്പെടുത്താൻ ജിഷ തയ്യാറായില്ല. പൊലീസിനോട് പരസ്‌പര വിരുദ്ധമായാണ് സംസാരിച്ചത്. കള്ളനോട്ട് സംഘത്തിലെ മറ്റുള്ളവരെ രക്ഷിക്കാനുള്ള ശ്രമമാണെന്ന് പൊലീസ് സംശയി​ക്കുന്നു. കഴിഞ്ഞ ദിവസമാണ് ജിഷമോളെ കള്ളനോട്ട് കേസിൽ ആലപ്പുഴയിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്.