വിദ്യാഭ്യാസവകുപ്പ് ജീവനക്കാരനും മാതാവും പൊള്ളലേറ്റ് മരിച്ചു

Saturday 11 March 2023 1:30 AM IST

 മരണം 12 ലക്ഷം സ്ത്രീധനത്തുക തിരികെ നൽകേണ്ട ദിവസം

ചവറ: വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരനായ യുവാവിനെയും മാതാവിനെയും വീട്ടിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അരിനല്ലൂർ സന്തോഷ് ഭവനിൽ പരേതനായ വർഗീസിന്റെ ഭാര്യ ലില്ലി വർഗീസ് (63), മകൻ സോണി വർഗീസ് (38) എന്നിവരാണ് മരിച്ചത്. സോണി വർഗീസിന്റെ വിവാഹ മോചന കേസിൽ സ്ത്രീധനത്തുകയായ 12 ലക്ഷം രൂപ തിരികെ നൽകാൻ കോടതി നിർദ്ദേശിച്ചിരുന്ന ദിവസമാണ് മരണം. തിരുവനന്തപുരത്ത് ഹയർസെക്കൻഡറി എഡ്യൂക്കേഷൻ ഡയറക്ടറേറ്റിൽ ക്ളർക്കാണ് സോണി വർഗീസ്. സോണിയുടെ കൊല്ലം സ്വദേശിനിയുമായുള്ള ആദ്യ വിവാഹബന്ധം എട്ട് ദിവസം മാത്രമാണ് നീണ്ടുനിന്നത്. ചേർത്തല സ്വദേശിനിയുമായുള്ള രണ്ടാം വിവാഹവും വേർപിരിയലിൽ കലാശിച്ചു. ഇന്നലെ രാവിലെ എട്ടേകാലോടെ വീട്ടിൽ നിന്ന് കനത്ത പുക ഉയരുന്നത് കണ്ട് അയൽവാസികൾ വീടിന്റെ കോമ്പൗണ്ടിലേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും ഗേറ്റ് പൂട്ടിയ നിലയിലായിരുന്നു. ചവറ തെക്കുംഭാഗം പൊലീസെത്തി ഗേറ്റിന്റെയും വീടിന്റെയും പൂട്ട് തകർത്താണ് അകത്ത് കടന്നത്. ഹാളിൽ നിലത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മുറിയിൽ നിന്ന് പെട്രോൾ കുപ്പികൾ കണ്ടെത്തി. ഹാളിലേക്കുള്ള വാതിൽ തള്ളിത്തുറക്കാതിരിക്കാൻ കുറ്റിയിട്ട ശേഷം ഫ്രിഡ്ജ് അടുപ്പിച്ച് വയ്ക്കുകയും രക്ഷാപ്രവർത്തനം ന‌ടത്താതിരിക്കാൻ കുടിവെള്ള ടാങ്ക് വറ്റിക്കുകയും ചെയ്തിരുന്നു. പാവുമ്പയിലെയും സൊസൈറ്റി മുക്കിലെയും വീടും സ്ഥലവും വിറ്റാണ് ഇവർ അരിനല്ലൂരിൽ താമസമാക്കിയത്. സഹോദരൻ ആന്റണി വർഗീസുമായും സോണിക്ക് സാമ്പത്തിക തർക്കം ഉള്ളതായി പൊലീസ് പറഞ്ഞു. സോണിയുടെ സാലറി സർട്ടിഫിക്കറ്റ് വച്ച് ആന്റണി എടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതോടെ സോണിയുടെ ശമ്പളത്തിൽ നിന്നാണ് ബാങ്ക് ഈടാക്കുന്നത്.

പോസ്റ്റ്മോർട്ടത്തിന് ശേഷം ഇരുവരുടെയും സംസ്കാരം ഇന്നലെ വൈകിട്ട് അരിനല്ലൂർ സെന്റ് ജോർജ് പള്ളിയിൽ നടന്നു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.