78 എൻജിനിയർമാരെ കെ.എസ്.ഇ.ബി തരംതാഴ്ത്തി
തിരുവനന്തപുരം:പ്രവർത്തന റിപ്പോർട്ട് നൽകാതിരുന്ന 78 അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർമാരെ അസിസ്റ്റന്റ് എൻജിനിയർ തസ്തികയിലേക്ക് കെ.എസ്.ഇ.ബി തരംതാഴ്ത്തി.
തരംതാഴ്ത്തൽ ഒഴിവാക്കാൻ ഏഴ് തവണ നോട്ടീസ് നൽകുകയും അഞ്ച് തവണ നടപടി നീട്ടിവെയ്ക്കുകയും ചെയ്തുവെങ്കിലും എൻജിയർമാർ പ്രവർത്തനറിപ്പോർട്ട് നൽകാൻ വിസമ്മതിക്കുകയായിരുന്നു.ഏറ്റവും ഒടുവിൽ മാർച്ച് ആറിനെങ്കിലും റിപ്പോർട്ട് നൽകണമെന്ന നിർദ്ദേശവും ഉദ്യോഗസ്ഥർതള്ളിയതോടെയാണ് 22 ഗ്രാജ്വേറ്റ് എൻജിനിയർമാരെയും 56 ഡിപ്ളോമ എൻജിനിയർമാരെയും തരംതാഴ്ത്തി ഇന്നലെ ഉത്തരവിറക്കിയത്.
എക്സിക്യൂട്ടീവ് എൻജിനിയറായി പ്രമോഷൻ കിട്ടാനിരുന്നവരും ഇവരിൽ ഉൾപ്പെടും. ഇവരുടെ പ്രമോഷൻ
റദ്ദാക്കി തസ്തികകൾ നിശ്ചയിച്ചതോടെ
താഴ്ന്ന തസ്തികയിലുള്ളവരുടെ മുടങ്ങിയ പ്രമോഷൻ അനുവദിക്കാനും വഴിയൊരുങ്ങി.
കെ.എസ്.ഇ.ബി.യിൽ സർവീസ് സീനിയോറിറ്റി പ്രമോഷൻ സമ്പ്രദായമാണുണ്ടായിരുന്നത്. 2013ൽ കമ്പനിയായി മാറിയപ്പോൾ പ്രമോഷൻ രീതികൾ മാറി.വിജിലൻസ് ക്ളിയറൻസ്,അച്ചടക്കനടപടിയില്ലാതിരിക്കുക,വെരിഗുഡ്,അല്ലെങ്കിൽ ഗുഡ് എന്ന തരത്തിലുള്ള പ്രവർത്തനറിപ്പോർട്ട്, പ്രൊബേഷൻ കാലാവധി മികച്ച രീതിയിൽ പൂർത്തിയാക്കുക തുടങ്ങിയ വ്യവസ്ഥകൾ പാലിക്കണമെന്ന നിബന്ധന ബാധകമായി. പക്ഷേ, യൂണിയനുകളുടെ സമ്മർദ്ദം മൂലം അത് പാലിക്കപ്പെട്ടിരുന്നില്ല.
2021ൽ ഡോ.ബി.അശോക് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായപ്പോൾ പ്രമോഷൻ വ്യവസ്ഥകൾ നിർബന്ധമാക്കി. ഈ 78 പേർക്ക് 2018ൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറായി കിട്ടിയ പ്രമോഷൻ സ്ഥിരപ്പെടുത്തിയില്ല. ഇതോടെ തൊട്ടുതാഴെയുള്ളവരുടെ പ്രമോഷനും മുടങ്ങുകയായിരുന്നു. അവർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും പ്രമോഷൻ നിയമപ്രകാരം പൂർത്തിയാക്കാനായിരുന്നു ഉത്തരവ്.
ബി.അശോകിനെ ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റിയെങ്കിലും പ്രമോഷൻ വ്യവസ്ഥകൾ കർശനമാക്കിയ ഉത്തരവ് പിൻവലിക്കാൻ തയ്യാറായില്ല.
ഇവരെ തരംതാഴ്ത്തിയതോടെ ഇവരുടെ സർവീസ് അനുസരിച്ച് നൽകിയ ഗ്രേഡ് പ്രമോഷനും ചോദ്യം ചെയ്യപ്പെട്ടേക്കും.അങ്ങിനെ വന്നാൽ ശമ്പളത്തിൽ വലിയ വ്യത്യാസം വരും. അത് കെ.എസ്.ഇ.ബി.യിൽ തൊഴിൽ പ്രശ്നങ്ങളിലേക്ക് നീങ്ങിയേക്കാം.