ആ നടന്റെ ലെവലിലൊക്കെ ലാലേട്ടൻ കാണിച്ചുതുടങ്ങിയാൽ ആൾക്കാരുടെ സ്വഭാവമനുസരിച്ച് വീട് കത്തിക്കും; ഒന്നും ചെയ്യാതിരുന്നിട്ടും ആ മനുഷ്യനെ ആൾക്കാർ എന്തൊക്കെ പറയുന്നു

Saturday 11 March 2023 4:41 PM IST

ബഡായ് ബംഗ്ലാവിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ആര്യ. '90 മിനിറ്റ്സ്' എന്ന ചിത്രമാണ് ബിഗ് ബോസ് താരമായ ആര്യയുടെ ഏറ്റവും പുതിയ വിശേഷം. നടി ആദ്യമായി പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണിത്. ഇപ്പോഴിതാ കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ താരം തന്റെ വിശേഷങ്ങളും ബിഗ് ബോസിനെക്കുറിച്ചുള്ള അഭിപ്രായവും പങ്കുവയ്ക്കുന്നു.

'പണ്ട് ബിഗ് ബോസ് എന്ന് പറയുന്ന ഷോയിനോട് ഉണ്ടായിരുന്ന ഇഷ്ടമൊന്നും ഇപ്പോൾ എനിക്കില്ല. മലയാളം ബിഗ് ബോസ് ആണ് എന്റെ മെയിൻ വിഷയം. ആൾക്കാർ അതിനെ കാണുന്ന രീതി. പല ഭാഷകളിലായി ഇത്രയും വർഷമായി നടക്കുന്ന ഷോ ആണ്.അത് അതിന്റെ ഫോർമാറ്റിലാണ് പോകുന്നത്. ചാനലിനെയുമല്ല ഞാൻ പറയുന്നത്. ഇതിനെ നല്ല ഒന്നാന്തരം മാർക്കറ്റാക്കി നമ്മുടെ പ്രേക്ഷകർ മാറ്റി. യൂട്യൂബ് ചാനൽസ്, ട്രോൾ ചാനൽസ് അങ്ങനെ കുറേയുണ്ട്.

പിന്നെ അതിനകത്ത് പോകാൻ ആഗ്രഹിക്കുന്നവരാണെങ്കിലും, ഉള്ളിൽ പോയിട്ട് ഒരു തരംഗമായി മാറാൻ പറ്റുമെന്ന് അവർക്കറിയാം. അതിനുവേണ്ടി എന്ത് ചെയ്യാൻ പറ്റുമെന്നും അവർക്കറിയാം. അങ്ങനെ ചെയ്ത് പബ്ലിസിറ്റി നേടുക, ഓകെ അതൊക്കെ അവരുടെ പേഴ്സണൽ കാര്യം. പക്ഷേ ആ ഷോയോട് എനിക്കുള്ള ഇഷ്ടമൊക്കെ പോയി. കാണാൻ പോലും വലിയ താത്പര്യമില്ല.

ലാലേട്ടൻ ഒന്നും ചെയ്യാതിരുന്നിട്ടുകൂടി ആ മനുഷ്യനെ ആൾക്കാർ എന്തൊക്കെ പറയുന്നു. മലയാളം ബിഗ് ബോസിന്റെ അവതാരകനായതുകൊണ്ട് മാത്രമാണിത്. ആളുകൾക്കിഷ്ടപ്പെട്ട ഒരു മത്സരാർത്ഥി ചെയ്തത് തെറ്റാണെന്ന് ചൂണ്ടിക്കാണിച്ചാൽ അടുത്താഴ്ചത്തെ ഫുൾ ട്രോൾ ലാലേട്ടനാണ്. അപ്പോൾപ്പിന്നെ സൽമാൻ ഖാൻ ലെവലിലൊക്കെ ലാലേട്ടൻ കാണിച്ചുതുടങ്ങിയാൽ ആൾക്കാരുടെ സ്വഭാവം വച്ച് വീട് കത്തിക്കും.'- ആര്യ അഭിപ്രായപ്പെട്ടു.