പത്തനംതിട്ടയിൽ അപകടത്തിൽപ്പെട്ട കെ എസ് ആർ ടി സി ബസിൽ ജി പി എസ് ഇല്ല, സ്പീഡ് ഗവർണർ വിച്ഛേദിച്ച നിലയിൽ, നിർണായക കണ്ടെത്തൽ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ
പത്തനംതിട്ട : പത്തനംതിട്ട കോന്നിയിൽ അപകടത്തിൽപ്പെട്ട കെ.എസ്.ആർ.ടി.സി ബസിൽ ജി.പി.എസ് സംവിധാനം ഇല്ലെന്ന് കണ്ടെത്തി. വാഹനത്തിലെ സ്പീഡ് ഗവർണർ വയറുകൾ വിച്ഛേദിച്ച നിലയിലുമാണ്. മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിലാണ് നിർണായക കണ്ടെത്തൽ.
പത്തനംതിട്ടയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 17 പേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ കെ.എസ്.ആർ.ടി.സി ബസിന്റെയും കാറിന്റെയും ഡ്രൈവർമാരടക്കം മൂന്നുപേരുടെ നില ഗുരുതരമാണ്. കോന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിൽ വച്ചാണ് അപകടമുണ്ടായത്. ഒരു കാറിനെ മറികടന്ന ബസ് റോഡിലെ മഞ്ഞവര ഭേദിച്ച് വലതുവശം ചേർന്ന് മുന്നോട്ടു വരുന്നതിനിടെയാണ് എതിരെ വന്ന സൈലോ കാറുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇടത്തേക്ക് വെട്ടിച്ച ബസ് കിഴവള്ളൂർ ഓർത്തഡോക്സ് വലിയപള്ളിയുടെ മതിലിൽ ഇടിക്കുകയും കമാനം തകർന്ന ബസിന് മുകളിൽ വീഴുകയും ചെയ്തു.
ബസിലുണ്ടായിരുന്ന 15 പേർക്കും കാർ യാത്രക്കാരായ രണ്ടുപേർക്കുമാണ് പരിക്കേറ്റത്. ബസ്ഡ്രൈവർ പിറവന്തൂർ സ്വദേശി അജയകുമാർ, മുൻ സീറ്റിലുണ്ടായിരുന്ന കോന്നി മാങ്ങാരം സ്വദേശി ഷൈലജ, കാർ ഡ്രൈവർ ജെറോം ചൗധരി എന്നിവർക്കാണ് ഗുരുതര പരിക്ക്. രണ്ടു ഡ്രൈവർമാരെയും കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി, മറ്റുള്ളവർ പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ്.
കെ.എസ്.ആർ.ടി.സിയുടെ പത്തനാപുരം ഡിപ്പോയിലെ ബസാണ് അപകടത്തിൽപ്പെട്ടത്,. കാറിലുണ്ടായിരുന്നവർ രണ്ടുപേരും ഇതരസംസ്ഥാനക്കാരാണ്.