ശ്വാസ കോശ സംബന്ധിയായ രോഗങ്ങളുടെ പ്രതിരോധം; എറണാകുളത്ത് വായു ഗുണ നിലവാര നിരീക്ഷണ സംവിധാനം നടപ്പിലാക്കുമെന്ന് ആരോഗ്യമന്ത്രി

Saturday 11 March 2023 10:07 PM IST

കൊച്ചി :രോഗനിരീക്ഷണത്തിന്റെ ഭാഗമായി ആശുപത്രികളില്‍ വായു ഗുണനിലവാര നിരീക്ഷണ സംവിധാനം സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ശ്വാസകോശ സംബന്ധിയായ അവസ്ഥകള്‍ വായുവിന്റെ ഗുണ നിലവാര തോത് അനുസരിച്ച് ഏത് രീതിയില്‍ വ്യത്യാസപ്പെടുന്നുണ്ടെന്ന് നിരീക്ഷിക്കാനുള്ള സംവിധാനം എറണാകുളത്ത് ശക്തമാക്കുമെന്ന് മന്ത്രി അറിയിച്ചു.

രോഗാവസ്ഥയിലേക്ക് എത്തിച്ചേരുവാനുള്ള സാധ്യതകള്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിനും പ്രതിരോധമൊരുക്കുന്നതിനും ഇതിലൂടെ സാധിക്കും. ഇതിനായി ആധുനിക വായു ഗുണനിലാവാര നിരീക്ഷണ ഉപകരണങ്ങൾ എറണാകുളം ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ആരോഗ്യ സ്ഥാപനങ്ങളില്‍ സ്ഥാപിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇതുമൂലം രോഗാവസ്ഥയിലേക്ക് എത്തുന്നതിനു മുന്‍പ് തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാന്‍ സാധിക്കും. ശ്വാസ കോശ സംബന്ധിയായ രോഗങ്ങളുടെ നിരീക്ഷണ സംവിധാനം ശക്തമാക്കുവാന്‍ ഈ ഉപകരണങ്ങള്‍ സഹായിക്കും. സംസ്ഥാനത്തു നടപ്പാക്കി വരുന്ന ഏകാരോഗ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ സംവിധാനം സ്ഥാപിക്കുന്നത്.

അതേസമയം ബ്രഹ്മപുരം മാലിന്യ പ്ളാന്റിലെ മാലിന്യ പുകയെ ചെറുക്കാനായി കൊച്ചി നിവാസികൾ മാസക് നിർബന്ധമായി ധരിക്കണമെന്ന് ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. വിഷപ്പുക ശ്വസിക്കുന്നത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ ചെറുക്കാനാണ് നടപടി. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. പരീക്ഷയ്ക്ക് പോകുന്ന വിദ്യാർത്ഥികളടക്കം മാസ്ക് ധരിക്കാനാണ് നിർദേശം. നിലവിൽ എത് സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്നും വീണാ ജോർജ് അറിയിച്ചു.