ജൂൺ അഞ്ചിന് മാലിന്യമുക്ത പ്രഖ്യാപനം: ചൊവ്വാഴ്ച മുതൽ ഗൃഹസമ്പർക്കം 

Sunday 12 March 2023 12:24 AM IST

കൊച്ചി: ബ്രഹ്മപുരത്ത് മാലിന്യം എത്തിക്കുന്ന തദ്ദേശ സ്ഥാപനങ്ങളെ ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തിൽ മാലിന്യമുക്തമായി പ്രഖ്യാപിക്കുമെന്ന് വ്യവസായമന്ത്രി പി.രാജീവ് അറിയിച്ചു. ഉറവിട മാലിന്യ സംസ്‌കരണം കർമ്മപദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മാർച്ച് 13 മുതൽ ആരംഭിക്കും. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും അടിയന്തര കൗൺസിൽ യോഗങ്ങൾ ചേരും.

മാർച്ച് 14 മുതൽ 16 വരെ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും എല്ലാ വീടുകളിലുമെത്തി ബോധവത്കരണം നടത്തും. ഉറവിട മാലിന്യ സംസ്‌കരണ സൗകര്യമില്ലാത്തയിടങ്ങളെക്കുറിച്ച് മാർച്ച് 17നകം റിപ്പോർട്ട് നൽകണം.

ഏപ്രിൽ 12 മുതൽ 15വരെ തദ്ദേശ സ്ഥാപന മേധാവികൾ ഫീൽഡ് പരിശോധന നടത്തും. ഏപ്രിൽ 30നകം വിജിലൻസ് സ്‌ക്വാഡുകളും പരിശോധന പൂർത്തിയാക്കും.

 മേയ് ഒന്നോടെ മുഴുവൻ തരംതിരിച്ച മാലിന്യങ്ങളും ഹരിത കർമ്മ സേന വഴി ശേഖരിക്കും. മാർച്ച് 25നകം എല്ലാ വാർഡുകളിലും കുറഞ്ഞത് രണ്ടുപേർ വീതം ഹരിത കർമ്മ സേനയിൽ ഉണ്ടെന്ന് ഉറപ്പാക്കും. ഇല്ലാത്തിടത്ത് മാർച്ച് 31നകം താത്കാലിക കളക്ഷൻ സെന്ററുകൾ ഒരുക്കണം.

ഫ്‌ളാറ്റുകൾ അപ്പാർട്ട്‌മെന്റുകൾ തുടങ്ങിയവക്ക് ടോയ്‌ലെറ്റ് മാലിന്യ സംസ്‌കരണത്തിനുള്ള സൗകര്യം ഏർപ്പെടുത്താൻ ജൂൺ 30വരെ സമയം.

പൊതു സ്ഥലങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് മേയ് ഒന്നു മുതൽ 10 വരെ പ്രത്യേക പദ്ധതി

മേയ് 11 മുതൽ 20 വരെ ജലസ്രോതസുകൾ ശുദ്ധീകരിക്കും.

മേയ് 22ന് ഓരോ തദ്ദേശസ്ഥാപനങ്ങളും പ്രവർത്തന റിപ്പോർട്ട് പരസ്യപ്പെടുത്തും.

 മേയ് 24 മുതൽ 31 വരെ പരാതികൾ നൽകാം.

Advertisement
Advertisement