പൊതുടാപ്പുകൾ കുറച്ചാൽ വേനലിൽ നെട്ടോട്ടമാവും

Sunday 12 March 2023 12:44 AM IST

തിരുവനന്തപുരം: പൊതുടാപ്പുകളുടെ എണ്ണം കുറയ്ക്കാനുള്ള തദ്ദേശ സ്ഥാപനങ്ങളുടെ തീരുമാനം വേനൽക്കാലത്ത് കുടിവെള്ള വിതരണത്തിന് തിരിച്ചടിയാവും. പുതിയ പൊതുടാപ്പുകൾ സ്ഥാപിക്കേണ്ടെന്നും ഉള്ളത് പകുതിയായി കുറയ്ക്കാനുമാണ് തീരുമാനം.

പ്രതിവർഷ നിരക്ക് കുത്തനെ വർദ്ധിപ്പിച്ചതിനെ തുടർന്നുണ്ടായ വൻ ചെലവാണ് കാരണം. പഞ്ചായത്ത്,​ കോർപ്പറേഷൻ,​ മുനിസിപ്പാലിറ്റികളിലായി രണ്ട് ലക്ഷത്തോളം പൊതുടാപ്പുകളാണുള്ളത്.സ്ഥാപിച്ചപ്പോഴുള്ള ടാപ്പുകളുടെ എണ്ണം കണക്കാക്കി അധികൃതർ കൃത്യമായി ബില്ല് നൽകും.പകുതിയോളം ടാപ്പുകളും കേടായ അവസ്ഥയിലാണ്. പൊതുടാപ്പുകളുടെ കുടിശികയായി തദ്ദേശ സ്ഥാപനങ്ങൾ 977 കോടി അടയ്ക്കാനുണ്ട്.

തളിപ്പറമ്പ് നഗരസഭ അടുത്തിടെ പൊതുടാപ്പുകളുടെ എണ്ണം 109ൽ നിന്ന് 59 ആയി കുറച്ചു. മറ്റ് നഗരസഭകളും പഞ്ചായത്തുകളും പൊതുടാപ്പുകളുടെ കണക്കെടുത്ത് വരികയാണ്. പഞ്ചായത്തുകളിൽ സാധാരണ 100 മുതൽ 250 പൊതുടാപ്പുകൾ വരെയുണ്ടാകും. ഗ്രാമീണ,​ മലയോര മേഖലകളിലുള്ളവരാണ് പൊതുടാപ്പുകളെ കൂടുതൽ ആശ്രയിക്കുന്നത്. ഇവിടത്തെ ഭൂരിഭാഗവും പ്രവർത്തനരഹിതമാണ്. കേടായവ ജലഅതോറിട്ടി നന്നാക്കാറുമില്ല. വെള്ളമില്ലാത്തവ ഒഴിവാക്കി ബിൽ നൽകണമെന്നാണ് വ്യവസ്ഥ. പക്ഷേ, എല്ലാ ടാപ്പിനും ബില്ലിടും. തദ്ദേശ സ്ഥാപനങ്ങളും ഒഴുക്കൻ നിലപാടെടുക്കും. കിട്ടാത്ത വെള്ളത്തിനു മാത്രമല്ല അറ്റകുറ്റപ്പണികൾക്കും ജലഅതോറിട്ടിക്ക് പണം അടയ്‌ക്കണം.

 പഞ്ചായത്തിൽ

2400 ലിറ്റർ

പഞ്ചായത്തുകളിൽ 8 മണിക്കൂറിൽ പ്രതിദിനം 2400 ലിറ്ററും കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്രികളിലും 12 മണിക്കൂറിൽ 3600 ലിറ്റർ ജലവുമാണ് പൊതുടാപ്പുകളിലൂടെ വാട്ടർ അതോറിട്ടി നൽകുന്നത്. കിലോലിറ്ററിന് 16.62 രൂപയാണ് നിരക്ക്.

പൊതുടാപ്പുകൾ

941 പഞ്ചായത്ത്: 1,​54,​762

87 നഗരസഭ: 30,​863

6 കോർപ്പറേഷൻ 18,​926

 വാർഷിക നിരക്ക്

(ബ്രാക്കറ്റിൽ പഴയത്)​

പഞ്ചായത്ത്: 14,​559 രൂപ (5788)​

നഗരപ്രദേശം: 21,​838 രൂപ (8692)​

Advertisement
Advertisement