കലുങ്കിൽ കുരുങ്ങി വല്ലങ്ങിയിലെ ഗതാഗതം

Monday 13 March 2023 12:59 AM IST
നവീകരണത്തിന്റെ ഭാഗമായി വല്ലങ്ങി ടൗണിലെ കലുങ്ക് ഒരു മാസമായി പൊളിച്ചിട്ട നിലയിൽ.

നെന്മാറ: തിരക്കേറിയ വല്ലങ്ങി ടൗണിൽ അഴുക്കുചാൽ നവീകരണത്തിന്റെ ഭാഗമായി കലുങ്ക് പൊളിച്ചിട്ട് ഒരു മാസം പിന്നിട്ടിട്ടും പ്രവൃത്തി ഇഴയുന്നു. റോഡിന്റെ പകുതി ഭാഗം പൊളിച്ചുമാറ്റി ഇരുവശത്തും പഴയ സ്ളാബുകളും മാലിന്യവും കോരിയിട്ടതോടെ ഗതാഗതം താറുമാറായി.

നടപ്പാത ഇല്ലാതായതോടെ വാഹനക്കുരിക്കിനിടെ റോഡിലിറങ്ങി നടക്കേണ്ട ഗതികേടിലാണ് യാത്രക്കാർ. റോഡിന് നടുവിൽ രണ്ടു ബാരലുകൾ നിരത്തി കയർകെട്ടിയാണ് ഗതാഗതം നിയന്ത്രിക്കുന്നത്. ഇതുമൂലം രാത്രി വരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാദ്ധ്യതയുമേറെയാണ്.

കൂടുതൽ വ്യാപാര സ്ഥാപനങ്ങളുള്ളതും തിരക്കേറിയതുമായ പ്രധാന റോഡിൽ രാവിലെയും വൈകിട്ടും ഇരുവശത്തേക്കും വാഹനങ്ങളുടെ നീണ്ടവരി രൂപപ്പെടുന്നുണ്ട്. നെന്മാറ- വല്ലങ്ങി വേല അടുത്തതോടെ ടൗണിലും പരിസരത്തും തിരക്ക് കൂടിയതും പ്രതിസന്ധിയായി.

സ്ഥാപനങ്ങളിലേക്ക് ചരക്കുമായെത്തുന്ന ലോറികൾ പാർക്ക് ചെയ്യുന്നത് കൂടിയാകുമ്പോൾ കുരുക്ക് മണിക്കൂറുകൾ നീളും. കലുങ്കിന് മുൻവശത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ആളുകൾക്ക് വരാനും പോകാനും താൽക്കാലിക സൗകര്യം ഏർപ്പെടുത്താത്തതും ബുദ്ധിമുട്ടാകുന്നു.

പൊതുമരാമത്ത് നിരത്ത് വിഭാഗം ഓഫീസിൽ നിരന്തരം പരാതിപ്പെട്ടിട്ടും പണി വേഗം പൂർത്തിയാക്കുന്നതിനോ പുതിയ സ്ലാബുകൾ സ്ഥാപിക്കാനോ തയ്യാറാകുന്നില്ല.

-വ്യാപാരികൾ.

അഴുക്കുവെള്ളം ഒഴുകിപ്പോകാൻ സംവിധാനം ഏർപ്പെടുത്താത്തത് പ്രദേശത്ത് ദുർഗന്ധം പടരുന്നതിനും കൊതുക് ശല്യത്തിനും കാരണമാകുന്നു.

-യാത്രക്കാർ

ഏപ്രിൽ മൂന്നിന് പ്രസിദ്ധമായ നെന്മാറ-വല്ലങ്ങി വേലയാണ്. ഉത്സവ കാലത്തിന് മുമ്പെങ്കിലും പണി പൂർത്തീകരിച്ചില്ലെങ്കിൽ വലിയ ഗതാഗത പ്രതിസന്ധിയാണ് ഉണ്ടാകുക.

-നാട്ടുകാർ