ട്രഞ്ചിംഗ് മാലിന്യം നീക്കാനുള്ള 22 കോടിയുടെ പദ്ധതി ടെൻഡർ നടപടികളിലേക്ക്; മാലിന്യം ശാസ്ത്രീയമായി സംസ്കരിച്ച് വളമാക്കി മാറ്റും
പാലക്കാട്: നഗരസഭാ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യം നീക്കാനുള്ള പദ്ധതി ടെൻഡർ നടപടികളിലേക്ക്. ലോകബാങ്ക് ധനസഹായമായതിനാൽ ഇതുപ്രകാരമുള്ള മാനദണ്ഡം പാലിച്ച് വിശദമായ പദ്ധതി രേഖ തയാറാക്കൽ, ടെൻഡർ നടപടി എന്നിവ നടപ്പാക്കണം. ഇതിന്റെ ഭാഗമായി ലോകബാങ്ക് സാങ്കേതിക സമിതി വിശദമായ പദ്ധതി രേഖ തയാറാക്കുകയാണ്. ടെൻഡർ പൂർത്തിയാക്കുന്നതോടെ മാലിന്യം ശാസ്ത്രീയമായി സംസ്കരിച്ച് വളമാക്കാനുള്ള നടപടി ആരംഭിക്കും.
പ്ലാന്റിന്റെ അടിസ്ഥാന സൗകര്യ വികസനം, ബയോ മൈനിംഗ് എന്നിവയ്ക്കായി ആകെ 22 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിന് 2.2 കോടിയും മാലിന്യം നീക്കുന്നതിന് 9.5 കോടിയുമാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തുന്നത്. പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി കോഴിക്കോട് എൻ.ഐ.ടി സംഘം പഠനം നടത്തി മാലിന്യത്തിന്റെ കൃത്യമായ കണക്ക് കണ്ടെത്തിയിരുന്നു. എട്ടേക്കറോളം വിസ്തൃതിയിൽ 78,000 മീറ്റർ ഘന മാലിന്യമുണ്ടെന്നാണ് കണക്ക്. ബ്രഹ്മപുരത്തെ പാഠം ഉൾക്കൊണ്ട് കൂട്ടുപാതയിലെ ട്രഞ്ചിംഗ് ഗ്രൗണ്ട് കത്താതിരിക്കാൻ വെള്ളം നനയ്ക്കുന്നത് ഉൾപ്പെടെ നടപടി തുടരുന്നുണ്ട്.
നാൾവഴി ഇതുവരെ
- മാലിന്യം ശാസ്ത്രീയമായി നിർമ്മാർജനം ചെയ്യാത്തതിന്റെ പേരിൽ 2020 സെപ്തംബറിൽ നഗരസഭയ്ക്ക് മലിനീകരണ നിയന്ത്രണ വിഭാഗം നോട്ടീസ് നൽകി. ഗ്രീൻ ട്രൈബ്യൂണൽ നിർദേശ പ്രകാരമുള്ള പിഴയൊടുക്കേണ്ടി വരുമെന്നായിരുന്നു മുന്നറിയിപ്പ്.
- മാലിന്യം നീക്കാൻ നഗരസഭ വാർഷിക പദ്ധതിയിൽ 50 ലക്ഷം വകയിരുത്തി.
- ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യത്തിന്റെ അളവ് അളന്ന് തിട്ടപ്പെടുത്തി.
- ബയോ മൈനിംഗിന് വേണ്ട തുക നഗരസഭ കണക്കാക്കി.
- കൊവിഡിനെ തുടർന്ന് പദ്ധതിയുടെ തുടർ പ്രവർത്തനം നിലച്ചു.
- നഗരസഭയ്ക്ക് മാത്രമായി ഫണ്ട് വകയിരുത്താൻ കഴിയാത്തതിനാൽ പണം ചോദിച്ച് സംസ്ഥാന സർക്കാരിന് കത്തയച്ചു.
- വലിയ തുകയാണെന്നതിനാൽ സർക്കാരിന് ഫണ്ട് വിനിയോഗിക്കാൻ പരിമിതിയുണ്ടെന്ന് മറുപടി.
- ഒടുവിൽ ലോകബാങ്കിന്റെ സഹായത്തോടെ സർക്കാർ നടപ്പാക്കുന്ന സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പദ്ധതി പ്രകാരം 22 കോടിയുടെ പദ്ധതി അനുവദിച്ചു.
- പദ്ധതിയുടെ ഭാഗമായി ലോകബാങ്ക്, സംസ്ഥാന സർക്കാർ, നഗരസഭ എന്നിവ കരാറിലേർപ്പെട്ടു.
- 2022 ആഗസ്റ്റിൽ ബയോ മൈനിംഗ് പദ്ധതിക്ക് അനുമതി ലഭിച്ചു.
- ബയോ മൈനിംഗിന് വേണ്ടി നഗരസഭയുടെ വിഹിതം ഒരു കോടിയായി വർദ്ധിപ്പിച്ചു.