2 കുട്ടികളുൾപ്പെടെ 3 പേർക്ക് കൂടി കോളറ

Sunday 12 March 2023 12:05 AM IST

മൊത്തം രോഗബാധിതർ 14

എടക്കര : വഴിക്കടവ് പഞ്ചായത്തിൽ 2 കുട്ടികൾ ഉൾപ്പടെ 3 പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു. എഴും പത്തും വയസ്സുള്ള കുട്ടികളടക്കമുള്ളവർക്കാണ് രോഗം ബാധിച്ചത്. ഇതോടെ വഴിക്കടവ് പഞ്ചായത്തിലെ രോഗബാധിതരുടെ എണ്ണം പതിനൊന്നായി. കൂടാതെ എടക്കര, അമരമ്പലം, തൃക്കലങ്ങോട് പഞ്ചായത്തുകളിലും മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ജില്ലയിൽ മൊത്തം കോളറ രോഗികളുടെ എണ്ണം 14 ആയി ഉയർന്നു. വഴിക്കടവിൽ മാത്രം 40 പേർക്ക് സമാന രോഗലക്ഷണമുണ്ട്. ആരുടെയും നില ഗുരുതരമല്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. 90 ശതമാനം രോഗികളും സുഖപ്പെട്ട് വീടുകളിലേക്ക് മടങ്ങി വിശ്രമത്തിലാണ്.

കേരള റൂറൽ വാട്ടർ സപ്ലൈ ആൻഡ് സാനിറ്റേഷൻ ഫീൽഡ് ടെസ്റ്റ് കിറ്റുകളും ആരോഗ്യവകുപ്പിന് കൈമാറി . ആദ്യഘട്ടത്തിൽ വഴിക്കടവിൽ 30 കിറ്റുകളാണ് നൽകിയിട്ടുള്ളത് . ഒരു കിറ്റ് ഉപയോഗിച്ച് 10 മുതൽ 100 വരെ വാട്ടർ സാമ്പിൾ പരിശോധിക്കാം. ഒരു സാമ്പിളിൽ നിന്ന് ഫിസിക്കൽ,​ കെമിക്കൽ,​ ബാക്ടീരിയോളജിക്കൽ തുടങ്ങി 12 മാനദണ്ഡങ്ങൾ പരിശോധനയിൽ അറിയാനാവും. കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യവും പരിശോധനയിൽ മനസിലാവും. ബാക്ടീരിയയുടെ അളവ് എത്രത്തോളമുണ്ടെന്ന് 24 മണിക്കൂറിന് ശേഷമേ മനസ്സിലാവുകയുള്ളൂ. എന്നിരുന്നാലും വെള്ളം ഉപയോഗയോഗ്യമാണോയെന്ന് ഫീൽഡ് ടെസ്റ്റ് കിറ്റ് ഉപയോഗിച്ചുള്ള പരിശോധനയിലൂടെ അര മണിക്കൂർ കൊണ്ട് മനസ്സിലാക്കാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു.പരിശോധന നടത്താൻ ആശ വർക്കർമാർക്ക് മൂന്ന് ദിവസത്തെ പരിശീലനം നൽകിയിട്ടുണ്ട്.

Advertisement
Advertisement