പ്രവാസികളുടെ കുടുംബാംഗങ്ങൾക്ക് ടൂറിസ്റ്റ് വിസ ലഭിക്കാൻ സുവർണാവസരം; ഗൾഫ് രാജ്യങ്ങളിലുള്ളവർക്കായി പ്രത്യേക അറിയിപ്പുമായി സൗദി

Sunday 12 March 2023 12:10 AM IST

റിയാദ്: ഗൾഫ് രാജ്യങ്ങളിലുള്ള പ്രവാസികളുടെ അടുത്ത കുടുംബാംഗങ്ങൾക്ക് സൗദിയിലേയ്ക്ക് പ്രവേശിക്കാനുള്ള ടൂറിസം വിസ ലഭ്യമാക്കുമെന്ന് ടൂറിസം മന്ത്രാലയം. സൗദിയിലേയ്ക്കുള്ള ടൂറിസം വിസ ലഭ്യമാകാനായി കുടുംബാംഗങ്ങൾക്ക് ഗൾഫ് രാജ്യങ്ങളിലെ റസിഡൻഷ്യൽ തിരിച്ചറിയൽ രേഖകൾ വേണമെന്നത് നിർബന്ധമല്ല.

കുടുംബാംഗങ്ങൾ അതാത് ഗൾഫ് രാജ്യങ്ങളിലെ വിസിറ്റ് വിസയിലാണെങ്കിലും സൗദി ടൂറിസ്റ്റ് വിസ അനുവദിച്ച് ലഭിക്കും. എന്നാൽ ഗൾഫിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ കൂടെ മാത്രമേ സൗദിയിലേയ്ക്ക് പ്രവേശിക്കാവു എന്നാണ് നിബന്ധന. ആദ്യം അപേക്ഷിക്കുന്ന പ്രവാസിയ്ക്ക് ഗൾഫ് റസിഡൻഷ്യൽ വിസ നിർബന്ധമാണ്. അതേസമയം അതാത് രാജ്യങ്ങളില്‍ നിയമവിധേയമായി താമസിക്കുന്ന എല്ലാവര്‍ക്കും സൗദിയിലേക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുമെന്നും ഇതിനായി ഗള്‍ഫ് രാജ്യങ്ങളില്‍ വസിക്കുന്നവരുടെ ജോലി മാനദണ്ഡമാക്കില്ലെന്നും സൗദി ടൂറിസം മന്ത്രാലയം അറിയിച്ചിരുന്നു.

https://visa.mofa.gov.sa/ എന്ന വെബ്‌സൈറ്റ് വഴിയാണ് വിസക്ക് അപേക്ഷിക്കേണ്ടത്. വിസക്ക് അപേക്ഷിക്കുന്നതിന് 18 വയസ് പൂര്‍ത്തിയാകണം. കുട്ടികള്‍ക്കായി രക്ഷിതാക്കള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷകന്റെ പാസ്‌പോര്‍ട്ടിന് ആറ് മാസത്തേയും റസിഡന്‍സി ഐഡിക്ക് മൂന്ന് മാസത്തേയും കാലാവധി നിര്‍ബന്ധമാണ്. കുടുംബത്തിലെ ഓരോ അംഗത്തിനും വെവ്വേറെ വിസ അപേക്ഷകളാണ് സമര്‍പ്പിക്കേണ്ടത്. 300 റിയാല്‍ ഫീയിനത്തില്‍ അടയ്ക്കണം.