ഗില്ലു കുലച്ച് പോരിനുറച്ച് ഇന്ത്യ
നാലാം ടെസ്റ്റിൽ ഇന്ത്യ തിരിച്ചടിക്കുന്നു
ശുഭ്മാൻ ഗില്ലിന് (128 )സെഞ്ച്വറി
വിരാടിന് അർദ്ധ സെഞ്ച്വറി (59 നോട്ടൗട്ട്)
ഓസീസ് 480
ഇന്ത്യ 289/3
അഹമ്മദാബാദ് : പരമ്പരയുടെ പതിവിന് വിപരീതമായി ബാറ്റർമാരെ തുണയ്ക്കുന്ന പിച്ചിൽ മികച്ച സ്കോർ ഉയർത്തിയ ഓസ്ട്രേലിയയെ പതറാതെ പിന്തുടർന്ന് ഇന്ത്യ. ഒന്നാം ഇന്നിംഗ്സിൽ 480 റൺസെടുത്ത് പുറത്തായ ഓസീസിനെതിരെ മൂന്നാം ദിനം കളി നിറുത്തുമ്പോൾ 289/3 എന്ന നിലയിലാണ് ഇന്ത്യ.191 റൺസ് കൂടി നേടിയാൽ ഇന്ത്യയ്ക്ക് ഓസീസിനൊപ്പമെത്താം.
ഇന്നലെ വിക്കറ്റ് നഷ്ടം കൂടാതെ 36 റൺസുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ (128) സെഞ്ച്വറിയും വിരാട് കൊഹ്‌ലിയുടെ അർദ്ധസെഞ്ച്വറിയും (59 നോട്ടൗട്ട്), ക്യാപ്ടൻ രോഹിത് ശർമ്മ(35), ചേതേശ്വർ പുജാര (42) എന്നിവരുടെ പോരാട്ടവുമാണ് കരുത്തായത്. 235 പന്തുകൾ നേരിട്ട് 12 ബൗണ്ടറികളും ഒരു സിക്സുമടക്കമാണ് ഗിൽ തന്റെ രണ്ടാം ടെസ്റ്റ് സെഞ്ച്വറി കുറിച്ചത്. കളിനിറുത്തുമ്പോൾ 16 റൺസുമായി രവീന്ദ്ര ജഡേജയാണ് വിരാടിന് കൂട്ടായി ക്രീസിൽ.
ഇന്നലെ രാവിലെ ഗില്ലിനെക്കൂട്ടി ബാറ്റിംഗ് തുടരാനെത്തിയ രോഹിത് ടീം സ്കോർ 74ൽ വച്ചാണ് പിരിഞ്ഞത്. 58 പന്തുകളിൽ മൂന്ന് ഫോറുകളും ഒരു സിക്സും പറത്തിയ രോഹിതിനെ ക്യൂനേമാന്റെ പന്തിൽ ലാബുഷേയ്ൻ പിടികൂടുകയായിരുന്നു. തുടർന്നിറങ്ങിയ ചേതേശ്വർ പുജാര ഗില്ലിനൊപ്പം കൂട്ടിച്ചേർത്ത 113 റൺസാണ് ഇന്ത്യൻ ചേസിംഗിന്റെ അടിത്തറയായത്. 129/1 എന്ന നിലയിൽ ലഞ്ചിന് പിരിഞ്ഞ ഇന്ത്യ തിരിച്ചെത്തിയ ശേഷവും ആക്രമണം തുടർന്നു.ഗിൽ സെഞ്ച്വറി തികയ്ക്കുന്നതിന് തൊട്ടുമുമ്പാണ് പുജാരയ്ക്ക് കൂടാരം കയറേണ്ടിവന്നത്. 121 പന്തുകൾ നേരിട്ട പുജാര മൂന്ന് ബൗണ്ടറികൾ ഉൾപ്പടെയാണ് 42 റൺസെടുത്തത്. മർഫിയുടെ പന്തിൽ ബൗൾഡായ പുജാരയ്ക്ക് പകരമെത്തിയ കൊഹ്‌ലിയെ കൂട്ടുനിറുത്തി ബൗണ്ടറിയിലൂടെയാണ് ഗിൽ സെഞ്ച്വറിയിലെത്തിയത്. 58 റൺസ് വിരാടിനൊപ്പം കൂട്ടിച്ചേർത്ത ശേഷം ലിയോണിന്റെ പന്തിൽ എൽ.ബിയിൽ കുരുങ്ങി ഗിൽ മടങ്ങി. തുടർന്ന് ജഡേജയെ കൂട്ടുനിറുത്തി വിരാട് തന്റെ 29-ാം ടെസ്റ്റ് അർദ്ധശതകത്തിലെത്തി.
നാലാം ദിനമായ ഇന്ന് പരമാവധി വേഗത്തിൽ ബാറ്റുചെയ്ത് ലീഡെടുക്കാനാവും ഇന്ത്യയുടെ ശ്രമം. ശ്രേയസ് അയ്യർ,ശ്രീകാർ ഭരത്,അക്ഷർ പട്ടേൽ,അശ്വിൻ എന്നിവർകൂടി ബാറ്റിംഗ് നിരയിലുള്ളത് ഈ ലക്ഷ്യത്തിലെത്താൻ ഇന്ത്യയെ സഹായിക്കുമെന്നാണ് പ്രതീക്ഷ. വലിയ ലീഡില്ലെങ്കിൽ കൂടി നാളെ അവസാന സെഷനിൽ ഓസീസിനെ രണ്ടാം ഇന്നിംഗ്സിനിറക്കി വിക്കറ്റുകൾ വീഴ്ത്തി സമ്മർദ്ദത്തിലാക്കാനാകും ഇന്ത്യ ലക്ഷ്യമിടുക. അവസാന ദിവസങ്ങളിൽ പിച്ച് സ്പിന്നർമാരെ തുണയ്ക്കാൻ സാദ്ധ്യതയുണ്ട്.