'ആയുഷി'നെ കൈവിട്ട് ആരോഗ്യ ബിൽ വീണ്ടും സഭയിലേക്ക്

Sunday 12 March 2023 1:38 AM IST

കണ്ണൂർ:ചെങ്കണ്ണും ചിക്കൻ പോക്സും ഉൾപ്പടെ മുപ്പതോളം രോഗങ്ങളുടെ ചികിത്സ ആയുഷിനെ വിലക്കി അലോപ്പതിയിൽ മാത്രം പരിമിതപ്പെടുത്തുന്ന പൊതുജനാരോഗ്യ ബിൽ നിയമസഭയുടെ അടുത്ത സമ്മേളനത്തിൽ എത്തുന്നു. സെലക്ട് കമ്മിറ്റിയുടെയും വിദഗ്ദ്ധ സമിതിയുടെയും പരിഗണനയ്‌ക്ക് ശേഷം ബിൽ യാഥാർത്ഥ്യമാകുമ്പോൾ പതിനായിരത്തോളം ആയുഷ് ഡോക്ടർമാർ അനിശ്ചിതത്വത്തിലാവും എന്നാണ് ആശങ്ക.

ബില്ലിൽ ആയുഷിനെ ഒഴിവാക്കണമെന്ന് അലോപ്പതി ഡോക്ടർമാരുടെ സംഘടനകൾ സർക്കാരിന് കത്ത് നൽകിയിട്ടുമുണ്ട്.

അതേസമയം, ആയുർവേദ, ഹോമിയോ ഡോക്ടർമാരുടെ സംഘടനകൾ സെലക്ട് കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ മുഴുവൻ എം.എൽ.എ മാരെയും കണ്ട് ബില്ലിന്റെ എല്ലാ വശങ്ങളും ബോദ്ധ്യപ്പെടുത്തിയിരുന്നു. ഓരോ ത്രിതല പ‌ഞ്ചായത്തിലെയും സാംക്രമിക, അസാംക്രമിക രോഗങ്ങളും പ്രതിരോധവും ചികിത്സയും ചർച്ച ചെയ്തു പദ്ധതികൾ തയ്യാറാക്കുന്നതിൽ തങ്ങളെ പങ്കാളികളാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

ബിൽ പ്രകാരം

25 സാംക്രമിക രോഗ,11 ജീവിത ശൈലീരോഗ ചികിത്സ അലോപ്പതിക്ക് മാത്രം

ആയുഷിന്റെ ആശങ്ക

മരുന്ന് മാഫിയ പിടിമുറുക്കും

ചികിത്സാപിഴവുകളുടെ ശിക്ഷ പിഴയിൽ ഒതുങ്ങും

ആയുഷിനു കീഴിൽ

ആയുർവേദം, ഹോമിയോ, യുനാനി, സിദ്ധ, നാച്ചുറോപ്പതി, അക്യുപങ്‌ചർ, സുജോക്ക് സർക്കാർ ആയുഷ് സ്ഥാപനങ്ങൾ- 2500

സീറ്റുകൾ സംസ്ഥാനത്ത്

 അലോപ്പതി- 4005

ആയുർവ്വേദം- 1043 ഹോമിയോ - 276 സിദ്ധ - 60

യുനാനി - 50

നിയമം നടപ്പാകുമ്പോൾ

പകർച്ച വ്യാധി മാറിയെന്ന സർട്ടിഫിക്കറ്റ് നൽകാനുള്ള അധികാരം മോഡേൺ മെഡിസിൻ ഡോക്ടർമാർക്ക് മാത്രം. പകർച്ച വ്യാധികളിൽ സംസ്ഥാന അധികാരി പ്രഖ്യാപിക്കുന്ന പ്രോട്ടോക്കോൾ അനുസരിച്ചുള്ള ചികിത്സ അലോപ്പതിക്കാർക്ക് മാത്രം.

പൊതുജനാരോഗ്യ ബിൽ സെലക്ട് കമ്മിറ്റിയുടെ പരിഗണനയിലാണ്.എല്ലാ കാര്യങ്ങളും ഉൾക്കൊള്ളുന്നതായിരിക്കും ബിൽ. എല്ലാ വിഷയങ്ങളും ചർച്ച ചെയ്ത് തീരുമാനിക്കും.

വീണാ ജോർജ്, ആരോഗ്യമന്ത്രി സർക്കാർ അംഗീകരിച്ച ചികിത്സാരീതികളെ അവഗണിക്കുന്നത് ശരിയല്ല. ചികിത്സിക്കാനും രോഗം ഭേദമായവർക്ക് സർട്ടിഫിക്കറ്റ് നൽകാനുമുള്ള അധികാരം നിഷേധിക്കരുത്. ബില്ലിൽ തുല്യപരിഗണന ഉറപ്പാക്കണം. ഒരു തരം ചികിത്സ മാത്രം അടിച്ചേൽപ്പിക്കുന്നത് സ്വേച്ഛാധിപത്യമാണ്. ഡോ. പി.എ. യഹിയ, സംസ്ഥാന ജോ.സെക്രട്ടറി, ഇന്റർനാഷണൽ ഫോറം ഫോർ പ്രൊമോട്ടിംഗ് ഹോമിയോപ്പതി