കുടുംബകലഹത്തിനിടെ മകൻ അച്ഛനെ അടിച്ചുകൊന്നു

Sunday 12 March 2023 2:16 AM IST
കൃഷ്ണൻകുട്ടിനായർ

 മാതാവിന് ഗുരുതര പരിക്ക്

തഴവ: പിണങ്ങിപ്പോയ ഭാര്യയെ തിരികെ വിളിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ മകൻ പിതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. തടയാൻ ശ്രമിച്ച മാതാവിനെ മർദ്ദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു.

കുലശേഖരപുരം കൃഷ്ണൻ ഭവനിൽ കൃഷ്ണൻകുട്ടി നായരാണ് (72) കൊല്ലപ്പെട്ടത്. മുഖത്തും ശരീരത്തിലും മുറിവേറ്റ മാതാവ് ശ്യാമളയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി ആശാകൃഷ്ണനെ (39) കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് പറയുന്നത്: ആശാകൃഷ്ണന്റെ ഭാര്യ രണ്ട് മാസമായി പിണങ്ങി മാറി താമസിച്ചു വരികയാണ്. ഇതിന് കാരണം പിതാവാണെന്ന വിരോധത്തിലായിരുന്നു മകൻ. വെള്ളിയാഴ്ച രാത്രി ആശാകൃഷ്ണൻ

ഭാര്യയെ വീട്ടിലേയ്ക്ക് തിരികെ വിളിക്കാൻ ശ്രമിച്ചു. ഇതേച്ചൊല്ലി പിതാവുമായി തർക്കത്തിലായി. അതിനിടെ പ്രതി കൈയിൽ കരുതിയിരുന്ന കമ്പിവടി ഉപയോഗിച്ച് പിതാവിന്റെ മുഖത്തും തലയിലും അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച മാതാവിനെയും അടിച്ച് പരിക്കേൽപ്പിച്ചു.

രാത്രി വീട്ടിൽ ബഹളം കേട്ടിരുന്നതായും മദ്യപിച്ചെത്തുന്ന ആശാകൃഷ്ണൻ പലപ്പോഴും വീട്ടിൽ ബഹളമുണ്ടാക്കിയിരുന്നതായും അയൽക്കാർ പറഞ്ഞു.

ആശാകൃഷ്ണൻ രാവിലെ ഒരു ബന്ധുവിനെ ഫോണിൽ വിളിച്ച് അച്ഛന് പ്രഷർ കൂടുതലാണെന്ന് പറഞ്ഞിരുന്നു. ബന്ധു അറിയിച്ചതിനെ തുടർന്ന് അയൽക്കാർ വീട്ടിലെത്തിയതോടെയാണ് നാടിനെ നടുക്കിയ സംഭവം പുറംലോകം അറിയുന്നത്. തറയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു കൃഷ്ണൻകുട്ടിനായരുടെ മൃതദേഹം. തലയ്ക്കും മുഖത്തും ശരീരത്തിന്റെ പല ഭാഗങ്ങളിലും മാരകമായി മുറിവേറ്റിരുന്നു. പൊലീസെത്തുമ്പോൾ നിസ്സംഗനായി ജനക്കൂട്ടത്തിനിടയിൽ നിൽക്കുകയായിരുന്നു ആശാകൃഷ്ണൻ.

ഉച്ചയോടെ ഫോറൻസിക് സംഘമെത്തി തെളിവുകൾ ശേഖരിച്ചു. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. ശ്രീദേവി, പരേതനായ സന്തോഷ് എന്നിവരാണ് മറ്റുമക്കൾ.

കരുനാഗപ്പള്ളി പൊലീസ് ഇൻസ്പെക്ടർ വി.ബിജു, എസ്.ഐ ശരത‌്ചന്ദ്രപ്രസാദ്, എ.എസ്.ഐ വേണുഗോപാൽ, എസ്.സി.പി.ഒ രാജീവ്, അനിൽ, ബഷീർഖാൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.