മാലി​ന്യ ലോറി​യി​ലും കോർപ്പറേഷൻ കുംഭകോണം

Monday 13 March 2023 12:47 AM IST

20 ലോറി​കൾ കട്ടപ്പുറത്ത്

തൃക്കാക്കര: മാലിന്യ നീക്കത്തിനായി കൊച്ചി കോർപ്പറേഷൻ വാങ്ങിയ 20 ലോറി​കൾ കട്ടപ്പുറത്ത്. 20 കോടിയിലധികം രൂപ വിലമതിക്കുന്ന വി​വി​ധ വാഹനങ്ങൾ റോഡരികിൽ കിടന്ന് നശിക്കുമ്പോൾ 61 ലോറി​കൾ വാടകയ്ക്കെടുത്താണ് മാലി​ന്യം ശേഖരി​ച്ച് ബ്രഹ്മപുരത്ത് എത്തി​ക്കുന്നത്. മാസം 80 ലക്ഷത്തോളം രൂപയാണ് ലോറി​ വാടകയി​നത്തി​ൽ ചെലവാകുന്നത്.

കിഴക്കൻ മേഖലയിൽ നി​ന്ന് മാലി​ന്യം കൊണ്ടുവരുന്ന 37 ലോറി​കൾക്ക് 3,640 രൂപവീതവും പടിഞ്ഞാറൻ മേഖലയിലെ മാലി​ന്യം ശേഖരി​ക്കുന്ന 23 ലോറി​കൾക്ക് 3,400 രൂപ വീതവുമാണ് ട്രിപ്പ് വാടക. ട്രി​പ്പുകളുടെ എണ്ണത്തി​ലും വൻവെട്ടി​പ്പു നടന്നി​രുന്നതായാണ് സൂചനകൾ.

സ്വന്തമായുള്ള 58 വാഹനങ്ങളി​ൽ 40 എണ്ണത്തോളം ഉപയോഗക്ഷമമല്ല.

മാലിന്യം ശേഖരിക്കാൻ വാങ്ങി​യ അപ്പേ ഓട്ടോകളും ഉപയോഗിക്കാതെ നശിപ്പിക്കുകയാണ്.

ഓരോ വർഷവും കോർപ്പറേഷന്റെ വാഹങ്ങൾക്ക് അറ്റകുറ്റപ്പണികൾക്ക് ചെലവഴിച്ച തുകയെത്രയെന്ന് കോർപ്പറേഷന്റെ കൈയിൽ കണക്കില്ല. വാങ്ങിയ ചി​ല വാഹനങ്ങൾ എവിടെയാണുള്ളതെന്നും തിട്ടമില്ല.

വി​വരാവകാശ പ്രവർത്തകൻ രാജു വാഴയ്ക്കാലയ്ക്ക് ലഭി​ച്ച വി​വരാവകാശ അപേക്ഷയിലെ മറുപടിയിലാണ് വിവരങ്ങൾ. വർഷങ്ങളായി​ മാലി​ന്യ ലോറി​ സർവീസ് കരാറെടുക്കുന്നത് രണ്ട് പേരാണ്. പത്ത് വർഷത്തി​ലേറെ മാലി​ന്യ പ്ളാന്റ് നടത്തി​പ്പും ഒരാളായിരുന്നു. ഭരണം മാറി​യാലും കരാറുകാർ മാറുന്ന പതി​വി​ല്ല.