ക്ലൈമാക്സിൽ ഗോകുല വിജയം

Sunday 12 March 2023 8:13 PM IST

കോഴിക്കോട്: കിരീടം നിലനിറുത്താനായില്ലെങ്കിലും അവസാന മത്സരത്തിൽ കരുത്തരായ ശ്രീനിധി ഡെക്കാൻ എഫ്.സിയെ കീഴടക്കി ഗോകുലം കേരള എഫ്.സി ഈ സീസണിലെ ഐ ലീഗ് പോരാട്ടം അവസാനിപ്പിച്ചു. എതിരില്ലാത്ത ഒരു ഗോളിനാണ് ഗോകുലത്തിന്റെ വിജയം. സ്പാനിഷ് സ്ട്രൈക്കർ സെർജിയോ ഇഗ്ലേഷ്യസ് മെൻഡിയാണ് 49ാം മിനിട്ടിൽ പെനാൾട്ടിയിലൂടെ ഗോകുലത്തിന്റെ വിജയ ഗോൾ കുറിച്ചത്. ആദ്യപകുതിയിൽ മികച്ച മുന്നേറ്റങ്ങളുമായി ഗോകുലം മൈതാനത്ത് നിറഞ്ഞു കളിച്ചു. ഒരു ഗോളിന് പിന്നിലായതോടെ ശ്രീനിധി ആക്രമണം കടുപ്പിച്ചു. പ്രതിരോധ കോട്ട കെട്ടിയ ഗോകുലത്തെ വിറപ്പിച്ചെങ്കിലും ശ്രീനിധിയ്ക്ക് സമനില ഗോൾ നേടാനായില്ല. 60ാം മിനിട്ടിൽ ഫൈസലിന്റെ മികച്ച ഫ്രീകിക്ക് ഗോകുലത്തിന്റെ ഗോളി ഷിബിൻരാജ് തകർപ്പൻ സേവിലൂടെ രക്ഷപ്പെടുത്തി. ഇഞ്ചുറി ടൈമിൽ ലാൽറംമാവിയയുടെ ഫ്രീകിക്കും കൊൻസാം സിംഗിന്റെയും അർജിത്ത് ബാഗുവിന്റെയും ഗോളെന്നുറച്ച ഷോട്ടുളും തട്ടിയകറ്റി ഷിബിൻരാജ് ഗോകുലത്തെ വിജയതീരത്തെത്തിച്ചു. ഷിബിൻരാജാണ് കളിയിലെ താരം.

വിജയത്തോടെ ഗോകുലം ലീഗിൽ മൂന്നാം സ്ഥാനം ഉറപ്പിച്ചു. 22 കളികളിൽ നിന്ന് 12 വിജയവും മൂന്ന് സമനിലയും ഏഴ് തോൽവികളുമായി 39 പോയിന്റാണ് ഗോകുലത്തിനുള്ളത്. ഐ ലീഗിൽ ഏറ്റവും കുറവ് ഗോൾ വഴങ്ങിയ ടീമായി ഗോകുലം മാറിയെങ്കിലും ഗോളടിക്കുന്നതിൽ പരാജയപ്പെട്ടതാണ് ഇത്തവണ തിരിച്ചടിയായത്. 14 ഗോൾ മാത്രം വഴങ്ങിയ ഗോകുലത്തിന് 26 ഗോളുകളാണ് തിരിച്ചടിക്കാനായത്. ചാമ്പ്യന്മാരായ റൗണ്ട്ഗ്ലാസ് എഫ്.സി പഞ്ചാബ് 43 ഗോളുകളും ശ്രീനിധി ഡെക്കാൻ 44 ഗോളുകളും നേടിയ സാഹചര്യത്തിലാണിത്. 22 കളികളിൽ നിന്ന് 42 പോയിന്റുള്ള ശ്രീനിധി ഡെക്കാനാണ് ലീഗിൽ രണ്ടാമത്.

Advertisement
Advertisement