ആർ.ജെ.ഡി പ്രതിഷേധം
Monday 13 March 2023 12:04 AM IST
കൊച്ചി: രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) നേതാവ് ലാലു പ്രസാദ് യാദവിനെയും കുടുംബത്തെയും കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുന്നതിലും റെയ്ഡുകളിലും പാർട്ടി സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. ഭരണകൂടത്തിന്റെ വേട്ടയാടൽ അവസാനിപ്പിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് അനു ചാക്കോ പറഞ്ഞു. പാവങ്ങളുടെ പക്ഷത്തുനിന്ന് ജനോപകാരപ്രദമായ നിലപാടുകളെടുക്കുന്നതിൽ ഉന്നതമായ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്ന ലാലു പ്രസാദ് യാദവിന് പിന്നാലെ കുടുംബത്തിനെയും വേട്ടയാടുകയാണ്. തേജസ്വി യാദവിനൊപ്പം ബിഹാറിൽ നിതീഷ് കുമാർ സർക്കാർ രൂപീകരിച്ചപ്പോൾ ആരംഭിച്ചതാണ് നടപടികൾ. രോഗബാധിതനായ ലാലുപ്രസാദിന്റെ വീട് നിരന്തരമായി റെയ്ഡ് ചെയ്യുന്നത് കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യലാണ്. രാജ്യത്തിന്റെ ബഹുസ്വരത സംരക്ഷിക്കാൻ ലാലു പ്രസാദ് യാദവും പാർട്ടിയും പോരാടുമെന്ന് അനു ചാക്കോ പറഞ്ഞു.