ബ്രഹ്മപുരത്തെ സാമ്പിൾ ശേഖരിച്ചു; ഡയോക്സിൻ തോത് കണ്ടെത്തും

Monday 13 March 2023 1:12 AM IST

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ ശാലയിലുണ്ടായ തീപിടിത്തത്തിൽ പുറന്തള്ളപ്പെടുന്ന ഡയോക്‌സിന്റെ ( ആരോഗ്യത്തിന് ഹാനീകരമായ രാസസംയുക്തം) തോത് കണ്ടെത്താൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (എൻ.ഐ.ഐ.എസ്.ടി) രംഗത്ത്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ ആവശ്യപ്രകാരമാണ് പരിശോധന നടത്തുന്നത്.

2019ലും 2021ലും ബ്രഹ്മപുരത്തെ തീപിടിത്തങ്ങളെക്കുറിച്ച് എൻ.ഐ.ഐ.എസ്.ടി പരിശോധന നടത്തിയിരുന്നു. നിലവിലെ സാഹചര്യത്തിൽ അടിയന്തര ഇടപെടൽ പി.സി.ബി ആവശ്യപ്പെടുകയായിരുന്നു. ഇന്നലെ എൻ.ഐ.ഐ.എസ്.ടി ഉദ്യോഗസ്ഥർ ബ്രഹ്മപുരത്തെത്തി സാമ്പിൾ ശേഖരിച്ചു. രണ്ട് മാസത്തിനകം റിപ്പോർട്ട് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പി.സി.ബി. 2021ൽ ഏതാനും ദിവസം മാത്രം നീണ്ടുനിന്ന തീപിടിത്തത്തിൽ 10.3 പൈക്യു ഗ്രാം ടി.ഇ.ക്യു മീറ്റർ ക്യൂബ് ( വളരെ കൂടിയ അളവ് ) ഡയോക്‌സിനാണ് പുറന്തള്ളപ്പെട്ടത്. കൊച്ചിയെയാകെ വിഷപ്പുകയിൽ മുക്കിയ ഇപ്പോഴത്തെ തീപിടിത്തത്തിൽ വൻതോതിൽ ഡയോക്‌സിൽ പുറന്തള്ളപ്പെട്ടിട്ടുണ്ടാകുമെന്നാണ് എൻ.ഐ.ഐ.എസ്.ടി വിലയിരുത്തൽ. എന്നാൽ ഇത്രത്തോളമുണ്ടെന്ന് പരിശോധനയിലൂടെ വ്യക്തമാകൂ. പുറന്തള്ളപ്പെടുന്ന ഡയോക്സിന്റെ 60 ശതമാനം ചാരത്തിലും ശേഷിക്കുന്നവ മറ്റിടങ്ങളിലായി അടിഞ്ഞുകൂടും. രാജ്യത്തെ ഇത്തരം പരിശോധന നടത്തുന്ന ഒരോയൊരു സ്ഥാപനമാണ് തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ.ഐ.ഐ.എസ്.ടി.

 ഒരുടൺ- 180 ഒരുടൺ പ്ലാസ്റ്റിക് കത്തുമ്പോൾ അന്തരീക്ഷത്തിൽ കലരുന്നത് 180 മൈക്രോ ഗ്രം വിഷപദാർത്ഥമാണ്. 2019ൽ എട്ട് ടൺ മാലിന്യം കത്തിയെന്നാണ് എൻ.ഐ.ഐ.എസ്.ടി. റിപ്പോർട്ട്. തീപിടിത്തത്തെ തുടർന്നുള്ള പുക കെട്ടടങ്ങിയാലും കാൻസറിന് വരെ കാരണമായേക്കാവുന്ന ഡയോക്‌സിനുകൾ ഒരിക്കലും നശിക്കാതെ ഭൂമിയിൽ അവേശിഷിക്കും.

 ഭക്ഷണമായെത്തും തീപിടിത്തത്തിലൂടെ പുറത്തുവരുന്ന ഡയോക്‌സിനുകളിൽ 10 ശതമാനം മാത്രമേ ശ്വസന വായുവിലൂടെ മനുഷ്യശരീരത്തിൽ പ്രവേശിക്കൂ. എന്നാലിവ മണ്ണിലും വെള്ളത്തിലും ചെടികളിലുമെല്ലാം അടിഞ്ഞുകൂടും. ചെടിയും മറ്റും ഭക്ഷണമാക്കുന്ന കന്നുകാലികളുടെയും ജീവജാലങ്ങളുടെയും ശരീരത്തിലേയ്ക്ക് ഡയോക്സിനുകളെത്തും. ഇവയെ ഭക്ഷിക്കുന്നത് വഴി മനുഷ്യശരീരത്തിലേയ്ക്ക് വിഷ പദാർത്ഥമെത്തും.