പൊലീസിൽനിന്ന് 'അടിതട' പഠിച്ചത് 7 ലക്ഷം സ്ത്രീകൾ

Monday 13 March 2023 12:18 AM IST

കൊച്ചി: അക്രമികളെ നേരിടാൻ പൊലീസിൽ നിന്ന് 'അടിതട"

പഠിച്ചത് ഏഴുലക്ഷം സ്ത്രീകൾ. ജനമൈത്രി സുരക്ഷാ പദ്ധതിയിലുൾപ്പെടുത്തി 2015ൽ സൗജന്യമായി ആരംഭിച്ച പരിശീലനം തേടിയെത്തുന്നത് സ്കൂൾ കുട്ടികൾ മുതൽ എഴുപത് പിന്നിട്ട സ്ത്രീകൾവരെ. മാല പൊട്ടിക്കൽ, ബാഗ് തട്ടിയെടുക്കൽ, കഴുത്തിൽ കത്തിവച്ചുള്ള ഭീഷണി തുടങ്ങിയവയെ നേരിടാനുള്ള കായിക മുറകളും തന്ത്രങ്ങളുമാണ് അഭ്യസിപ്പിക്കുന്നത്.

വനിതാ പൊലീസ് കമാൻഡോകളാണ് പരിശീലകർ.

എല്ലാ പൊലീസ് ഡിവിഷനുകളിലും നാലുവനിതാ ഉദ്യോഗസ്ഥർക്കാണ് ചുമതല. ആറു ഘട്ടമായി 20 മണിക്കൂറാണ് ക്ളാസ്. ഇതു കഴിഞ്ഞാലും വീട്ടിൽ ഇടക്കിടെ പരിശീലിക്കണം.

ആശങ്കയോടെ എത്തുന്നവർ ഇരട്ടി ആത്മവിശ്വാസത്തോടെയാണ് മടങ്ങുന്നതെന്ന് കൊച്ചി സിറ്രി പൊലീസിലെ കമാൻഡോ സീനിയർ സിവിൽ പൊലീസ് ഓഫീസർ ലിസി മത്തായി കേരളകൗമുദിയോട് പറഞ്ഞു. പ്രതിസന്ധിഘട്ടത്തിൽ പ്രയോജനപ്പെട്ടതിന് പലരും വന്ന് നന്ദി പറയാറുണ്ട്.

വനിതാ ദിനത്തിന്റെ ഭാഗമായി 'ജ്വാല"യെന്ന പേരിൽ സംഘടിപ്പിച്ച ദിദ്വിന പ്രതിരോധ പരിശീലന കളരിയിൽ മാത്രം പതിനായിരത്തോളം സ്ത്രീകൾ പഠിക്കാനെത്തി.

 വഴിതുറന്ന് നിർഭയ കേസ്

രാജ്യമനഃസാക്ഷിയെ ഞെട്ടിച്ച നിർഭയ കേസിന് പിന്നാലെയാണ് സ്ത്രീകൾക്ക് പ്രതിരോധ ക്ലാസുകൾ നൽകാൻ പൊലീസ് മുന്നിട്ടിറങ്ങിയത്. സർക്കാരിന്റെ പിന്തുണയും ലഭിച്ചതോടെ പദ്ധതി ജനകീയമായി. കൊവിഡ് ലോക്ക്ഡൗണിൽ ക്ലാസുകൾ നിറുത്തേണ്ടി വന്നില്ലായിരുന്നെങ്കിൽ പരിശീലനം നേടിയവരുടെ എണ്ണം 10ലക്ഷം കടക്കുമായിരുന്നു

 വിളിക്കൂ, പൊലീസെത്തും

പരിശീലനം നൽകാൻ അനുയോജ്യമായ ഇടവും പഠിക്കാൻ വനിതകളുമുണ്ടെങ്കിൽ പൊലീസ് സ്ഥലത്തെത്തി സൗജന്യമായി ക്ലാസെടുക്കും. നിലവിൽ കോളേജുകൾ, സ്കൂളുകൾ, റെസിഡന്റ്സ് അസോസിയേഷനുകൾ, കുടുംബശ്രീ യൂണിറ്റുകൾ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് പരിശീലനം.

കൂടുതൽ സ്ത്രീകൾക്ക് പരിശീലനം നൽകുകയാണ് ലക്ഷ്യം

-വി.പി. പ്രദീപ് കുമാർ

അസി. നോഡൽ ഓഫീസർ