'കക്കുകളി"ക്കെതിരെ പള്ളികളിൽ പ്രതിഷേധം
തൃശൂർ: 'കക്കുകളി"നാടകത്തിനെതിരെ തൃശൂർ അതിരൂപതയ്ക്ക് കീഴിലുള്ള പള്ളികളിൽ സർക്കുലർ. 'ബ്രഹ്മപുരത്തെ മാലിന്യത്തേക്കാൾ ഹീനമാണ് ഇടത് സാംസ്‌കാരിക ബോധമെന്ന് സർക്കുലറിൽ പറയുന്നു. ഇത്തരം സാംസ്‌കാരിക നിലപാടുകൾ സ്വീകരിക്കുന്ന സർക്കാരിനെതിരെ പ്രതിഷേധമുയരണം. കന്യാസ്ത്രീ മഠങ്ങളെ ചൂഷണ പീഡന കേന്ദ്രങ്ങളാക്കി ചിത്രീകരിച്ച് അവതരിപ്പിക്കുന്നതാണ് നാടകം. തൃശൂരിൽ നടന്ന നാടകോത്സവത്തിൽ വിവാദനാടകം അവതരിപ്പിക്കുകയും സാംസ്‌കാരികമന്ത്രി തന്നെ നാടകാവതരണത്തെയും അഭിനേതാക്കളെയും അഭിനന്ദിക്കുകയും ചെയ്തത് ന്യായീകരിക്കാനാവില്ലെന്നും സർക്കുലറിൽ പറയുന്നു.
ഇന്നലെ രാവിലെ കുർബാനയ്ക്ക് ശേഷമായിരുന്നു പ്രതിഷേധം. ഇന്ന് തൃശൂർ കളക്ടറേറ്റിലേക്ക് പ്രതിഷേധം സംഘടിപ്പിക്കാനും അതിരൂപത തീരുമാനിച്ചിട്ടുണ്ട്. ജില്ലാ കളക്ടർമാർ നാടകം നിരോധിക്കണമെന്നും എൻ.ജി.ഒ യൂണിയന്റെ വെബ്സൈറ്റിൽ നിന്ന് നാടകത്തിന്റെ ദൃശ്യാവിഷ്‌കാരം നീക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഫ്രാൻസിസ് നൊറോണയുടെ കഥയുടെ നാടകാവിഷ്‌കാരമാണ് കക്കുകളി. തൃശൂർ ലൂർദ്ദ് കത്തീഡ്രലിൽ നടന്ന പ്രതിഷേധ യോഗം കെ.സി.ബി.സി ലെയ്റ്റി കമ്മിഷൻ സെക്രട്ടറി ഡോ.കെ.എം.ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. കത്തീഡ്രൽ വികാരി ഫാ.ഡേവീസ് പുലിക്കോട്ടിൽ അദ്ധ്യക്ഷത വഹിച്ചു. സഹവികാരിമാരായ ഫാ.സെബി വെളിയൻ,ഫാ.ജിയോ വേലൂക്കാരൻ,നിർമ്മല മാതാ കോൺവെന്റിലെ സിസ്റ്റർ ജിൽസി ജോൺ,കൈക്കാരൻ സേവ്യർ ചേലപ്പാടൻ എന്നിവരും സംസാരിച്ചു.