പൊലീസിന്റെ വാക്ക് ഇൻ ട്രെയിനിംഗിൽ മികച്ച പങ്കാളിത്തം

Monday 13 March 2023 12:58 AM IST

തിരുവനന്തപുരം: സ്ത്രീകൾക്കും കുട്ടികൾക്കും പൊലീസിന്റെ ആഭിമുഖ്യത്തിൽ രണ്ടു ദിവസമായി നടത്തിയ സ്വയം പ്രതിരോധ പരിശീലന പരിപാടി സമാപിച്ചു. ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി ജ്വാല എന്ന പേരിൽ എല്ലാ ജില്ലകളിലും പൊലീസ് സംഘടിപ്പിച്ച വാക്ക് ഇൻ ട്രെയിനിംഗാണ് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായത്. സംസ്ഥാനത്ത് 8,125പേരാണ് പരിശീലനത്തിൽ പങ്കെടുത്തത്.

സിനിമാതാരങ്ങളും ജനപ്രതിനിധികളും വിവിധ ജില്ലകളിൽ നടന്ന പരിപാടിയിൽ പങ്കെടുത്തു. സ്വയം പ്രതിരോധമുറകളിൽ പ്രത്യേക പരിശീലനം നേടിയ വനിതാ പൊലീസ് ഉദ്യോഗസ്ഥർ ക്ലാസുകളെടുത്തു. എല്ലാ ജില്ലകളിലും സൗജന്യമായാണ് പരിശീലനം നൽകിയത്. ശനി,ഞായർ ദിവസങ്ങളിലായി ദിവസേന നാലു ബാച്ചുകളിലായാണ് പരിശീലനം നൽകിയത്.

പൊലീസിന്റെ ആഭിമുഖ്യത്തിൽ 2015ൽ ആരംഭിച്ച സ്വയം പ്രതിരോധ പരിശീലന പരിപാടിയിലൂടെ ഇതുവരെ ലക്ഷക്കണക്കിന് സ്ത്രീകളും കുട്ടികളും സ്വയം പ്രതിരോധ മുറകളിൽ പരിശീലനം നേടിയിട്ടുണ്ട്. എല്ലാ ജില്ലകളിലും നാലു വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ് പരിശീലനം നൽകുന്നത്. പരിശീലനം സൗജന്യമാണ്. ഫോൺ 0471 2318188