കൊച്ചി കോർപറേഷൻ പിരിച്ചു വിടണം : വി.മുരളീധരൻ

Monday 13 March 2023 1:00 AM IST

തൃശൂർ : ബ്രഹ്മപുരത്തെ വിഷപ്പുക ആരംഭിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും ഇതിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആരും തയ്യാറായിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. ഒരു തദ്ദേശ സ്ഥാപനത്തിന്റെ ഏറ്റവും ഉത്തരവാദിത്വപ്പെട്ട കാര്യമാണ് മാലിന്യ സംസ്‌കരണം. ഇത് നിറവേറ്റുന്നതിൽ സമ്പൂർണമായി പരാജയപ്പെട്ട കൊച്ചി കോർപ്പറേഷൻ പിരിച്ചു വിടണം. മേയറോടെങ്കിലും രാജി വയ്ക്കാൻ പറയാൻ സി.പി.എം നേതൃത്വം തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കൊവിഡ് കാലത്ത് എന്തെല്ലാം ഉപദേശങ്ങളാണ് മുഖ്യമന്ത്രി നൽകിയത്. ആയിരത്തിലധികം പേർ വിഷപ്പുക ശ്വസിച്ച് കൊണ്ടിരിക്കുകയാണ്. സംസ്ഥാന സർക്കാർ എടുക്കുന്ന കാര്യങ്ങളോ, വീഴ്ച വരുത്തിയവർക്കെതിരെ എന്ത് നടപടിയെടുത്തെന്നോ വ്യക്തമാക്കാൻ മുഖ്യമന്ത്രിക്ക് സാധിച്ചിട്ടില്ല. മാദ്ധ്യമങ്ങൾ പാടിപ്പുകഴ്ത്തി നൽകിയതാണ് ക്യാപ്റ്റൻ പദവി. ഇങ്ങനെയാണോ ക്യാപ്റ്റൻ പെരുമാറേണ്ടത്. വൈക്കം വിശ്വന്റെ മരുമകന് കേരളത്തിലെ മാലിന്യ സംസ്‌കരണത്തിന്റെ മുഴുവൻ കരാറുകളും എഴുതി നൽകിയതിന്റെ ജാള്യത മറയ്ക്കാനാണോ മിണ്ടാതിരിക്കുന്നത്. ബ്രഹ്മപുരം സംഭവവുമായി ബന്ധപ്പെട്ട് എന്തെല്ലാം ചെയ്യാൻ സാധിക്കുമെന്ന് കേന്ദ്ര ആരോഗ്യ, പരിസ്ഥിതി മന്ത്രിമാരെ കണ്ട് ആരായും.

അമിത് ഷായുടെ വരവ് കേരളത്തിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താനാണ്. അടുത്ത തിരഞ്ഞെടുപ്പിൽ ഒരു പിടിയാളുകൾ കേരളത്തിൽ നിന്ന് ബി.ജെ.പിയുടേതായി ലോക്‌സഭയിലുണ്ടാകും. തൃശൂരിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ച വച്ച സുരേഷ് ഗോപി ഇത്തവണ വീണ്ടും മത്സരിച്ചാൽ തെറ്റ് തിരുത്താൻ ജനങ്ങൾക്കാവുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement