കുതിച്ചുയർന്ന് ഇന്ധന ഉപഭോഗം

Monday 13 March 2023 2:06 AM IST

ന്യൂഡൽഹി: ഫെബ്രുവരിയിൽ രാജ്യത്തെ ഇന്ധന ഉപഭോഗം രണ്ട് ദശാബ്ദത്തിനിടെയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഇന്ധന ഉപഭോഗം അഞ്ച് ശതമാനത്തിൽ കൂടുതൽ ഉയർന്ന് പ്രതിദിനം 4.82 ദശലക്ഷം ബാരലായി (18.5 ദശലക്ഷം ടൺ). ഇത് 24 വർഷത്തിനിടെയിലെ ഏറ്റവും ഉയർന്ന നിലയാണ് . എണ്ണ മന്ത്രാലയത്തിന്റെ പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെൽ സമാഹരിച്ച കണക്കുകൾ പ്രകാരമുള്ള റിപ്പോർട്ട് ആണിത്. 1998 മുതലുള്ള കണക്കുകളാണ് ഇതിനായി പരിശോധിച്ചത്. ഫെബ്രുവരിയിൽ പെട്രോളിന്റെ ഉപഭോഗം 8.9ശതമാനം ഉയർന്ന് 28 ലക്ഷം ടണ്ണായി. ഡീസലിന്റേതാകട്ടെ 7.5ശതമാനം ഉയർന്ന് 69.8 ലക്ഷം ടണ്ണുമായി. അതേസമയം പാചക വാതകത്തിന്റെ വില്പന 0.1ശതമാനം ഇടിഞ്ഞ് 23.9 ലക്ഷം ടണ്ണായി. ജെറ്റ് ഇന്ധനത്തിന്റെ വിൽപ്പന 43 ശതമാനത്തിലധികം ഉയർന്ന് 0.62 ദശലക്ഷം ടണ്ണിലെത്തി.

റഷ്യൻ എണ്ണ ഇറക്കുമതിയിലൂടെ കിട്ടുന്ന ലാഭം എണ്ണവിലയിൽ സ്ഥിരത ഉണ്ടാക്കിയതും ശക്തമായ ആഭ്യന്തര ഉപഭോഗവുമാണ് ഇതിന് കാരണമായി പറയുന്നത്.

മാർച്ച് ആകുന്നതോടെ പ്രതിദിനം 51.7 ലക്ഷം ബാരലായി ഉപഭോഗം ഉയരുമെന്നാണ് പ്രതീക്ഷ. അതേസമയം മൺസൂൺ ശക്തിപ്രാപിക്കുന്നതോടെ 50 ലക്ഷം ബാരലായി കുറയുമെന്നും വിലയിരുത്തലുണ്ട്.

ഇന്ധന ഉപഭോഗം ഉയരുന്നത് ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ഇന്ത്യയിലെ വ്യാവസായിക പ്രവ‌ർത്തനങ്ങൾ ശക്തിയാർജിച്ചതിന്റെ സൂചനയായി കണക്കാക്കുന്നു. 2030-ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ ഊർജ്ജ ഉപഭോക്താവായി മാറുമെന്നാണ് ഇന്റർനാഷണൽ എനർജി ഏജൻസിയുടെ റിപ്പോർട്ട്.

Advertisement
Advertisement