കോതേകാട്ട് പുതിയ പാലം : കാത്തിരിപ്പ് നീളും
Monday 13 March 2023 12:09 AM IST
തിരുവല്ല : ഒരുവർഷത്തോളമായി സ്ഥലം ഏറ്റെടുക്കൽ ജോലികൾ നീണ്ടുപോകുന്നതിനാൽ കോതേകാട്ട് പുതിയ പാലത്തിന്റെ നിർമ്മാണ ജോലികൾ ഇഴയുന്നു. ഭരണാനുമതി ലഭിച്ചിട്ട് ഒരുവർഷം കഴിഞ്ഞു. തുടർനടപടികൾ വൈകുന്നതിനാൽ ഈ വേനൽക്കാലത്തും പാലം പണി നടക്കുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. തിരുവല്ല നഗരസഭയെയും പെരിങ്ങര പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കോതേക്കാട്ട് പുതിയ പാലത്തിന് 2021 ഡിസംബറിൽ 5.13കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതാണ്. കാവുംഭാഗം - ഇടിഞ്ഞില്ലം റോഡിൽ നിന്ന് പെരിങ്ങര പഞ്ചായത്ത് പത്താംവാർഡിലേക്ക് നേരിട്ട് പ്രവേശിക്കാവുന്ന കോതേക്കാട്ട് പാലം കാരയ്‌ക്കൽ തോടിന് കുറുകെയാണ് നിർമ്മിക്കുന്നത്. നിലവിൽ ഇവിടെ അരനൂറ്റാണ്ടിലേറെ പഴക്കമുള്ളതും അപകടാവസ്ഥയിലുമുള്ള ചവിട്ടുപടി പാലം മാത്രമാണ് നാട്ടുകാർക്ക് ശരണം.