ആവണിപ്പാറയിലേക്ക് കടക്കാൻ കയറും പൊളിഞ്ഞ വള്ളവും

Monday 13 March 2023 12:17 AM IST
ആവണിപ്പാറ കോളനിയിലേക്ക് അച്ചൻകോവിലാർ കടന്നു പോകുന്ന നാട്ടുകാരൻ

പത്തനംതിട്ട : ആവണിപ്പാറ നിവാസികൾ പാലത്തിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. കേന്ദ്ര വനം, പരിസ്ഥിതി വകുപ്പ് നിർമ്മാണത്തിന് അനുമതി നൽകിയെെങ്കിലും മണ്ണ് പരിശോധന പോലും ഇതുവരെ നടന്നിട്ടില്ല. മുപ്പത്തിനാല് കുടുംബങ്ങളിലായി 114 പേർ ആണ് ആവണിപ്പാറയിലുള്ളത്. കാടിനാൽ ചുറ്റപ്പെട്ട പ്രദേശമാണ് ആവണിപ്പാറ. അരുവാപ്പുലത്ത് നിന്ന് 25 കിലോമീറ്റർ അകലെ വനത്തിനകത്താണ് ഊര് സ്ഥിതി ചെയ്യുന്നത്. അച്ചൻകോവിലാറിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഊരിലേക്ക് എത്തണമെങ്കിൽ വളളത്തിൽ സഞ്ചരിക്കണം. ആറിന് കുറുകെ വലിയ വടംകെട്ടി അതിൽ വള്ളം കെട്ടിയിട്ടിരിക്കുകയാണ്. കയറിൽ പിടിച്ചുവലിച്ച് വള്ളം നീക്കിവേണം മറുകര കടക്കാൻ. കുഞ്ഞുകുട്ടികളടക്കം ഇങ്ങനെ കയറിൽ തൂങ്ങിയാണ് ഇക്കരെയെത്തുന്നത്. വിദ്യാർത്ഥികൾ സ്കൂളിൽ പോകാൻ തുടങ്ങി വീട്ടാവശ്യങ്ങൾക്കും അറ്റകുറ്റപണിയ്ക്കായി സാധനങ്ങളെത്തിക്കുന്നതുമെല്ലാം ഈ ആറ് കടന്നാണ്. പട്ടിക വർഗ വകുപ്പ് നൽകിയ വള്ളത്തിലാണ് ആദിവാസി ഊരിലുള്ളവർ അക്കരെയെത്തുന്നത്. വെള്ളം കുറവാണെങ്കിൽ കാൽ നടയായി ആറ് മുറിച്ച് കടക്കും. പട്ടിക വർഗ വിഭാഗം അധികൃതർ സ്ഥലത്ത് പരിശോധന നടത്തി റിപ്പോർട്ട് പി.ഡബ്യൂ.ഡിക്ക് കൈമാറണം. മണ്ണ് പരിശോധനയടക്കമുള്ള നടപടികൾ പൂർത്തിയായെങ്കിലെ നിർമ്മാണം നടത്താൻ ആകുമോയെന്ന് അന്തിമ തീരുമാനത്തിലെത്താൻ കഴിയു.