പാറക്കടവ് പാലം : കരാർ ഉറപ്പായില്ല

Monday 13 March 2023 12:19 AM IST

മല്ലപ്പള്ളി : കോട്ടയം - കോഴഞ്ചേരി സംസ്ഥാനപാതയിൽ നിന്നു പരിയാരം കരയിലേക്കു നിർമ്മിക്കുന്ന പാറക്കടവ് പാലത്തിന്റെ പുതിയ രൂപരേഖ കിഫ്ബി അംഗീകരിച്ചു. ഈ മാസം 31ന് മുൻപ് ടെൻഡർ ചെയ്തേക്കും.

പാലം നിർമാണത്തിന് പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗവും കെആർഎഫ്ബിയും മാറിമാറി 8 തവണ ടെൻഡർ ക്ഷണിച്ചിട്ടും കരാർ ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ല.

ടെൻഡറുകളിൽ കൂടുതൽ കരാറുകാർ പങ്കെടുത്തിരുന്നുമില്ല. ഓഗസ്റ്റ് 30ന് അവസാന തീയതിയായി 2018 ലെ ഡി.എസ്.ആർ പ്രകാരം കേരള റോഡ് ഫണ്ട് ബോർഡ് ക്ഷണിച്ചിരുന്ന ടെൻഡറായിരുന്നു ഒടുവിലത്തേത്. ഭൂപ്രകൃതിയനുസരിച്ച് നിർമ്മാണച്ചെലവ് ഏറുമെന്നതാണ് ടെൻഡറിൽ കരാറുകാർ പങ്കെടുക്കാതിരിക്കാൻ കാരണം. തുടർന്ന് ഒക്ടോബറിൽ പാലത്തിന്റെ രൂപരേഖയിൽ മാറ്റം വരുത്തുന്നതിന്

കെ.ആർ.എഫ്.ബി പൊതുമരാമത്തിന് നിർദേശം നൽകിയിരുന്നു.

രൂപകൽപനയിൽ മാറ്റം വരുത്തിയെങ്കിലും പാലത്തിന് അനുവദിച്ചിരിക്കുന്ന തുകയിൽ മാറ്റമുണ്ടാകാനിടയില്ല. കിഫ്ബി പദ്ധതിയിൽ നിന്നുള്ള തുക വിനിയോഗിച്ചുള്ള നിർമ്മാണത്തിന് ബഡ്ജറ്റിലാണ് 10 കോടി രൂപ വകക്കൊള്ളിച്ചിരിക്കുന്നത്.