കോമളം പാലം : ഭരണാനുമതിയിൽ ഒതുങ്ങി

Monday 13 March 2023 12:20 AM IST
പ്രളയത്തിൽ അപ്രോച്ച് റോഡ് തകർന്ന കോമളം പാലം

മല്ലപ്പള്ളി : പ്രളയത്തിൽ അപ്രോച്ച് റോഡ് തകർന്ന കോമളം പാലം പുനർനിർമ്മിക്കുന്നതിനായി 10.18 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടും തുടർ നടപടിയായില്ല. 2021 ഒക്ടോബറിലുണ്ടായ പ്രളയത്തിലാണ് അപ്രോച്ച് റോഡ് തകർന്നത്. 35 മീറ്ററോളം അപ്രോച്ച് റോഡ് തകർന്നുപോയ പാലം സെമി സബ്മേഴ്സിബിൾ ബ്രിജ് ആയിട്ടാണ് നിർമിച്ചിരിക്കുന്നത്. പാലത്തിന്റെ വെൽക്യാപ്പുകൾ തമ്മിലുള്ള അകലം കുറവായതിനാൽ അ‌ടുത്തടുത്ത തൂണുകൾക്കിടയിൽ മരക്കഷണങ്ങൾ വന്നടിഞ്ഞു ബലക്ഷയത്തിന് സാദ്ധ്യതയുണ്ട്. അതിനാൽ പഴയ പാലം പൊളിച്ചു ഉയരമുള്ള പുതിയ പാലം പണിയണമെന്ന വിദഗ്ദ്ധ അഭിപ്രായത്തെ തുടർന്ന് ബഡ്ജറ്റിൽ 20 ശതമാനം തുക അനുവദിച്ചിരുന്നു.

മണ്ണ് പരിശോധന ഉൾപ്പെടെ നടത്തി ഭരണാനുമതിയും നേടി. നിർമ്മാണത്തിനുള്ള കാലതാമസം ഒഴിവാക്കാനും അപ്രോച്ച് റോഡിന് വളവുകൾ ഇല്ലാതിരിക്കുന്നതിനും പഴയപാലം പൊളിച്ചു നീക്കി തൽസ്ഥാനത്ത് പുതിയ പാലം നിർമ്മിക്കാനാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്.