നഷ്ടപ്പെടുന്ന കാഴ്ചയിൽ തളരാതെ ഫാ.സോളമൻ `കായിക ലോകത്ത്'

Monday 13 March 2023 12:00 AM IST

ഫാ.സോളമൻ കടമ്പാട്ടുപറമ്പിൽ വീൽചെയറിൽ ബാസ്കറ്റ് ബോൾ പരിശീലിക്കുന്നവരോടൊപ്പം

തൃശൂർ: മുപ്പത്തിയഞ്ചാം വയസിൽ രാജസ്ഥാനിലായിരിക്കുമ്പോൾ കാഴ്ചക്കുറവിനെത്തുടർന്ന് ചികിത്സയ്ക്കെത്തിയ ഫാ.സോളമൻ കടമ്പാട്ടുപറമ്പിലിനോട് പരിശോധനകൾക്കുശേഷം ഡോക്ടർമാർ പറഞ്ഞു, 'ഫാദർ 75% അന്ധനാണ്. കാഴ്ച പൂർണമായും നഷ്ടപ്പെടും...' ഇതുകേട്ട് നിരാശനായിരിക്കാൻ ഫാദർ തയ്യറല്ലായിരുന്നു.

ശേഷിച്ച ജീവിതം ഭിന്നശേഷിക്കാർക്കായി മാറ്റിവയ്ക്കാൻ തീരുമാനിച്ചു. 2008നുശേഷം ഒന്നരപ്പതിറ്റാണ്ട് പിന്നിടുമ്പോൾ ഫാദറിനുള്ളത് പത്ത് ശതമാനം കാഴ്ച മാത്രം. എങ്കിലും വിധിയിൽ തളരാതെ ഞായറാഴ്ചകളിൽ ഫാദർ മുണ്ടൂർ നിർമ്മൽജ്യോതി സ്‌കൂളിലെത്തും. അവിടെ വീൽചെയറിലായ ഇരുപതോളം പേർക്ക് ബാസ്‌കറ്റ് ബാൾ പരിശീലനം നൽകും. കാഴ്ചയില്ലാത്തവരുടെയും ശരീരം തളർന്നവരുടെയും ഫുട്‌ബാൾ,ക്രിക്കറ്റ്,ചെസ്,ശിങ്കാരിമേളം,നീന്തൽ... തുടങ്ങിയവയ്ക്കെല്ലാം വഴിവെട്ടമായി ഫാദറും അദ്ദേഹം ആറുവർഷം മുൻപ് തുടങ്ങിയ ദർശന ക്ലബുമുണ്ട്.

ദേശീയ പാരാലിമ്പിക്‌സിൽ നീന്തലിൽ വെങ്കലമെഡൽ നേടിയത്,ഫാദറിന്റെ ടീം അംഗം 70ശതമാനം കാഴ്ചയില്ലാത്ത പാലക്കാട് വടക്കഞ്ചേരി മനോജാണ്. സിനി കെ. സെബാസ്റ്റ്യൻ,അബ്ദുളള സാദിഖ്,ജീവശിവ,മുഹമ്മദ് ഷഫീക്ക് തുടങ്ങിയവരും ദേശീയമത്സരങ്ങളിൽ സ്വർണവും വെള്ളിയും വെങ്കലവും നേടി അഭിമാനമായി. കാഴ്ചയില്ലാത്തവരുടെ ദേശീയ ഫുട്‌ബാൾ ചാമ്പ്യൻഷിപ്പിൽ കേരള ടീമിനെ രണ്ടാം സ്ഥാനത്ത് എത്തിച്ചതും ഫാദറിന്റെ നേതൃത്വമാണ്.

കാഴ്ച കവരുന്ന

അപൂർവരോഗം കണ്ണുകളിലെ റെറ്റിനയെ ബാധിക്കുന്ന അപൂർവരോഗമായ റെറ്റിനൈറ്റിസ് പിഗ്‌മെന്റോസയായിരുന്നു ഫാദറിന്. റെറ്റിനയിലെ കോശങ്ങൾ സാവധാനത്തിൽ തകരുകയും കാഴ്ച നഷ്ടപ്പെടുകയും ചെയ്യും. ഇതിന് ചികിത്സയില്ല.

പോസിറ്റീവായ ജീവിതം മാള കൊമ്പൊടിഞ്ഞാമാക്കലിൽ ജനിച്ച ഫാ. സോളമൻ,ഹിന്ദി,സോഷ്യോളജി,ക്രിസ്ത്യൻ സ്റ്റഡീസ്,സൈക്കോളജി എന്നിവയിൽ എം.എയും ഡിപ്ലോമ ഇൻ ഹോമിയോപ്പതിയും നേടി.

ഭിന്നശേഷിക്കാർക്കും അംഗപരിമിതർക്കും വേണ്ടത് സഹതാപമല്ല, സഹകരണമാണ് . സമീപനം പോസിറ്റീവാകണം.

- ഫാ. സോളമൻ കടമ്പാട്ടുപറമ്പിൽ.