നിയമസഭ ഇന്ന് വീണ്ടും: പ്രക്ഷുബ്ധമാവാൻ സാദ്ധ്യത

Monday 13 March 2023 12:00 AM IST

തിരുവനന്തപുരം: ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് വീണ്ടും ചേരുന്ന നിയമസഭാ സമ്മേളനം പ്രക്ഷുബ്ധമാവാൻ സാദ്ധ്യത.

ബ്രഹ്മപുരം മാലിന്യ പ്ളാന്റിലെ തീപിടിത്തമാവും പ്രതിപക്ഷത്തിന്റെ തുറുപ്പ് ചീട്ട്. പത്തു ദിവസത്തിലേറെ കഴിഞ്ഞിട്ടും തീ നിയന്ത്രിക്കാനോ, കൊച്ചി നഗരത്തിലെ മാലിന്യ സംസ്കരണത്തിന് ഫലപ്രദമായ ബദൽ സംവിധാനമൊരുക്കാനോ കഴിയാത്തത് ആയുധമാക്കി പ്രതിപക്ഷം ആഞ്ഞടിക്കും. പതിവു പോലെ, സഭയിലെ മേൽക്കോയ്മയാവും ഭരണപക്ഷത്തിന്റെ പ്രതിരോധം.

സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലും പ്രതിപക്ഷത്തിന് മറ്റൊരായുധമാണ്. മുഖ്യമന്ത്രിക്കെതിരെ സ്വപ്നാ സുരേഷ് കടുത്ത ആരോപണമുന്നയിക്കുകയും അതിൽ ഉറച്ചു നിൽക്കുകയും ചെയ്തിട്ടും നിയമനടപടിക്ക് മുതിരാത്ത സർക്കാരിനെ പ്രതിപക്ഷം ചോദ്യം ചെയ്യും. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നിലപാടും പ്രതിപക്ഷത്തിന് വടിയാവും.മാർച്ച് 30 വരെയാണ് സമ്മേളനം നിശ്ചയിച്ചിട്ടുള്ളതെങ്കിലും 23 നോ 24 നോ അവസാനിപ്പിക്കാനും സാദ്ധ്യതയുണ്ട്.