വേനൽച്ചൂട് കനക്കുന്നു,​ മേയിലും മഴയില്ലെങ്കിൽ കിണറുകൾ വറ്റും

Monday 13 March 2023 12:00 AM IST

തിരുവനന്തപുരം: വേനൽച്ചൂട് കനക്കുന്നതിനിടെ കിണറുകളിലെ ജലനിരപ്പ് ശരാശരി ഒന്നര മീറ്റർ വരെതാഴ്ന്നു. ഇക്കണക്കിനുപോയാൽ മേയിൽ മഴ ലഭിച്ചില്ലെങ്കിൽ കിണറുകൾ വറ്റിത്തുടങ്ങും.

ഭൂഗർഭ ജലനിരപ്പും താഴുന്നു. ഭൂജലനിരപ്പ് കുത്തനെ കുറയുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ മുന്നിലാണ് കേരളമെന്ന് കേന്ദ്ര ഭൂജലബോർഡിന്റെ റിപ്പോർട്ടിൽ പറയുന്നു.

18 ശതമാനം കിണറുകളിൽ ഒരു മീറ്റർ വരെയും 15 ശതമാനം കിണറുകളിൽ ഒന്നുമുതൽ രണ്ട് മീറ്റർ വരെയും 1.26 ശതമാനം കിണറുകളിൽ മൂന്ന് മുതൽ നാലുമീറ്റർ വരെയുമാണ് ജലവിതാനം താഴ്ന്നത്. തീരദേശങ്ങളിലെ 21 ശതമാനം കുഴൽക്കിണറുകളിലും ഭൂജലവിതാനം താഴ്ന്നിട്ടുണ്ട്.

ജലസംഭരണത്തിനൊപ്പം നിയന്ത്രണങ്ങളും കർശനമാക്കി മുൻകരുതൽ സ്വീകരിക്കണമെന്ന്‌ നേരത്തെ തന്നെ കേന്ദ്ര ഭൂജലബോർഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും കാര്യമായ നടപടി ഉണ്ടായില്ല. വെള്ളത്തിന്റെ ലഭ്യതയും ഉപയോഗവും ഭാവിയിലെ ആവശ്യവും കണക്കിലെടുത്ത് സമഗ്രമായ ജലബ‌ഡ്ജറ്റ് തയ്യാറാക്കുമെന്ന് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പ്രഖ്യാപനമുണ്ടായെങ്കിലും ഒന്നും സംഭവിച്ചില്ല.

#കുടിവെള്ളത്തിന്

മുഖ്യം കിണറുകൾ

60 ലക്ഷം:

സംസ്ഥാനത്തെ

മൊത്തം കിണറുകൾ

64.8%:

കിണറുകളെ

ആശ്രയിക്കുന്ന

ഗ്രാമീണർ

24.5%:

പൈപ്പുവെള്ളത്തെ

ആശ്രയിക്കുന്ന

ഗ്രാമീണർ

10.8%:

മറ്റുമാർഗം

സ്വീകരിക്കുന്ന

ഗ്രാമീണർ

58.9%:

കിണറുകളെ

ആശ്രയിക്കുന്ന

നഗരവാസികൾ

34.9%:

പൈപ്പ് വെള്ളത്തെ

ആശ്രയിക്കുന്ന

നഗരവാസികൾ

6.3%:

മറ്റു മാർഗങ്ങൾ

ആശ്രയിക്കുന്ന

നഗരവാസികൾ

...........................

26800 ദശലക്ഷം

ഘന മീറ്റർ:

2001ലെ കേരളത്തിന്റെ

വാർഷിക ജലാവശ്യകത

44000 ദശലക്ഷം

ഘനമീറ്റർ:

2031 ലെ വാർഷിക

ജലാവശ്യകത

വർദ്ധന: 64%

...................................

ജലനിരപ്പ് താഴാൻ

4 കാരണങ്ങൾ

1. നിയന്ത്രണമില്ലാതെ വ്യാപകമാകുന്ന കുഴൽക്കിണറുകൾ

2. ഭൂജലം റീചാർജ് ചെയ്യാനുള്ള പ്രകൃതിജന്യ സംവിധാനങ്ങൾ നഷ്ടമാകുന്നു

3.ഭൂഗർഭ ജലം സംഭരിച്ച് നിറുത്തുന്ന കുന്നുകൾ ഇടിച്ചു നിരത്തുന്നു

4. വയലുകളും ചതുപ്പുകളും മണ്ണിട്ട് മൂടുന്നു