മെഴ്സിഡസ് വില മേലോട്ട്...

Monday 13 March 2023 2:33 AM IST

ബെൻസ് വാങ്ങാൻ മോഹിക്കുന്നവർക്ക് ഇനി ചെലവ് കുറച്ചുകൂടും. ആഡംബര കാർനിർമാതാക്കളായ മെഴ്സിഡസ് ബെൻസ് ഇന്ത്യ അവരുടെ വിവിധ മോഡലകളുടെ വില ഏപ്രിൽ ഒന്നു മുതൽ വർദ്ധിപ്പിക്കും. രണ്ട് ലക്ഷം മുതൽ 12 ലക്ഷം രൂപ വരെ വില കൂട്ടാനാണ് തീരുമാനിച്ചിരിക്കുന്നത്. മൂന്നുമാസത്തിനിടെ രണ്ടാം തവണയാണ് മെഴ്സിഡസ് ബെൻസ് വില വർദ്ധിപ്പിക്കുന്നത്. ഇതോടെ വിവിധ മോഡലുകളുടെ എക്സ് ഷോറൂം വില ഒന്നുമുത‌ൽ അഞ്ച് ശതമാനം വരെ കൂടും. രൂപയുടെ വില ഇടിഞ്ഞതാണ് വില കൂട്ടാനുള്ള കാരണമായി കമ്പനി പറയുന്നത്.

മെഴ്സിഡസിന്റെ ഏറ്റവും വില കുറഞ്ഞ വാഹനങ്ങൾക്ക് പോലും വില കൂട്ടും. എ-ക്ലാസ് ലിമോസിനും ജിഎൽഎ എസ്‌യുവിക്കും 2 ലക്ഷം രൂപയാണ് വർധിക്കുക. എന്നാൽ എസ് 350ഡി ലിമോസിന് ഏഴ് ലക്ഷവും ഏറ്റവും ഉയർന്ന മേബാ എസ് 580ന് 12 ലക്ഷം രൂപയുമാണ് വിലകൂടുക. ലോജിസ്റ്റിക്‌സ് ഉൾപ്പെടെയുള്ള ഇൻപുട്ട് ചെലവുകൾ കൂടിയത് കമ്പനിയുടെ പ്രവർത്തനച്ചെലവിൽ കാര്യമായ വർധനവ് വരുത്തിയതും വില കൂട്ടാനുള്ള സാഹചര്യമൊരുക്കിയെന്ന് മെഴ്‌സിഡസ്-ബെൻസ് ഇന്ത്യ അധികൃതർ പറഞ്ഞു.

2022-ൽ മെഴ്‌സിഡസ്-ബെൻസ് ഇന്ത്യ 15,822 യൂണിറ്റുകൾ വില്പന നടത്തി എക്കാലത്തെയും മികച്ച നിലയിലെത്തിയിരുന്നു, 2021-ലെ 11,242 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോൾ 41 ശതമാനം വില്പന വളർച്ച കൈവരിച്ചു.

Advertisement
Advertisement