എൻ.ഐ.ടിയിൽ 'രാഗം' സമാപിച്ചു

Monday 13 March 2023 12:48 AM IST
എൻ.ഐ.ടി കോഴിക്കോടിൽ നടന്ന 'രാഗ'ത്തിൽ നിന്ന്

കുന്ദമംഗലം: മൂന്ന് ദിവസങ്ങളിലായി ചടുല താളങ്ങളിൽ കാണികളുടെ മനം കവർന്ന എൻ.ഐ.ടി കോഴിക്കോടിന്റെ സാംസ്കാരികോത്സവം 'രാഗ'ത്തിന് ആവേശകരമായ സമാപനം. മൂന്നാം ദിവസമായ ഇന്നലെ, നൃത്ത മത്സരങ്ങളായ 'താൽ സേ താൽ മില', ഭരതനാട്യം, ഒപ്പന, എന്നിവ കൂടാതെ പാചകകലയിൽ നൈപുണ്യമുള്ളവരെ കണ്ടെത്തുന്ന സാൾട്ട് ആൻഡ് പെപ്പർ, ഫേസ് ടു ഫേസ് ,മെഹന്ദി, നാടകം, തെരുവുനാടകം, ആൽഫസ്,വെസ്റ്റേൺ ജെ സോളോ,റാപ്പ് ബാറ്റിൽസ്, സ്ട്രിഗ് സോളോ തുടങ്ങിയ വൈവിദ്ധ്യമാർന്ന പരിപാടികൾക്ക് സദസ് സാക്ഷ്യം വഹിച്ചു. വയലിനിസ്റ്റ് ധനഞ്ജയ് അവതരിപ്പിച്ച വയലിൻ ഷോ കാണികളുടെ ഹർഷാരവത്തോടെയാണ് സമാപിച്ചത്.

ലോക പ്രശസ്തിയാർജിച്ച ഹിജാബി ഫ്രീസ്റ്റൈൽ ഫുട്ബോളർ ഹാദിയയുടെ അതുല്യ പ്രകടനവും സ്വസ്തി ബാൻഡിന്റെ സൂഫി മെലഡികളും ദന റസിക്കിന്റെ മാന്ത്രികശബ്ദവും കാണികൾക്ക് ഗംഭീരവിരുന്നായി. ഗേമിംഗ് ഇവന്റുകളായ വി. ആർ. ഗേമിംഗ്,പെയിന്റ്ബോൾ, ഗ്ലോഫുട്ബോൾ,ഫോം ഫുട്ബോൾ, റുബിക്സ് ക്യൂബ് ചാലഞ്ച്, ഡാർട്ട് ചാലഞ്ച് തുടങ്ങിയവയും ഇന്നലെ നടന്നു. ബോളിവുഡിലെ പിന്നണി ഗായകൻ അമിത് ത്രിവേദിയുടെ സംഗീതനിശയ്ക്ക് ശേഷം കേരളത്തിലെ പ്രമുഖ ബ്രാൻഡുകളിലൊന്നായ അവിയലിന്റെ ഉജ്വലപ്രകടനത്തോടെയാണ് 'രാഗ'ത്തിന് തിരശീല വീണത്.

Advertisement
Advertisement