വേദക്ഷേത്രത്തിൽ ചതുർവേദ മഹാവൈഷ്ണവം ഭക്തിസാന്ദ്രം

Monday 13 March 2023 12:49 AM IST
വേദക്ഷേത്രത്തിൽ നടന്ന ആചാര്യശ്രീ രാജേഷ് വിഭാവനം ചെയ്ത ചതുർവേദ മഹാവൈഷ്ണവം

കോഴിക്കോട്: ആചാര്യശ്രീ രാജേഷ് വിഭാവനം ചെയ്ത ചതുർവേദ മഹാവൈഷ്ണവം വേദക്ഷേത്രത്തിൽ നടന്നു. കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ സംഘടിപ്പിച്ച ചതുർവേദ മഹാവൈഷ്ണവത്തിന്റെ ഭാഗമായി ചതുർവേദങ്ങളിലെ വൈഷ്ണവമന്ത്രങ്ങളെ വിനിയോഗിച്ചുകൊണ്ട് ചെയ്യുന്ന വൈഷ്ണവയജ്ഞമാണ് ആദ്യം നടന്നത്. യജ്ഞസ്വരൂപനെന്ന് വേദങ്ങളിലും ബ്രാഹ്മണങ്ങളിലും ഭഗവദ്ഗീതയിലുമെല്ലാം വർണിക്കുന്ന വിഷ്ണുവിനെ യജ്ഞത്തിലൂടെതന്നെ പൂജിക്കുന്ന അത്യപൂർവമായ യജ്ഞമാണ് വൈഷ്ണവയജ്ഞം. ആചാര്യശ്രീ രാജേഷിന്റെ ശിഷ്യരും വേദവിദ്വാന്മാരുമായ കേതൻ മഹാജൻ, നാഗേശ്വർ ശാസ്ത്രി എന്നിവരാണ് യജ്ഞത്തിന് കാർമികത്വം വഹിച്ചത്. വൈഷ്ണവയജ്ഞത്തിന് ശേഷം വിഷ്ണുസഹസ്രനാമജപം, വിഷ്ണുസഹസ്രനാമ അർച്ചന എന്നിവയും നടന്നു. ആചാര്യശ്രീ രാജേഷിന്റെ ശിഷ്യയായ റീന ജയാനന്ദനാണ് അർച്ചനയ്ക്ക് നേതൃത്വം നൽകിയത്. തുടർന്ന് കെ.ശശിധരൻ വൈദിക്കിന്റെ നേതൃത്വത്തിൽ വേദങ്ങളിലെ വിഷ്ണുസങ്കല്പത്തിന്റെ ഉള്ളറകളെക്കുറിച്ചുള്ള ജ്ഞാനയജ്ഞവും നടന്നു. ഒ.ബാബുരാജ് വൈദിക്, എം വിശ്വനാഥൻ വൈദിക്, രാംവീർ എന്നിവരുടെ മേൽനോട്ടത്തിലാണ് പരിപാടികൾ നടന്നത്.