ചുരം റോഡിൽ ഓയിൽ ചോർന്നത് വാഹനങ്ങൾക്ക് അപകടഭീഷണിയായി
Monday 13 March 2023 12:54 AM IST
കുറ്റ്യാടി: ചുരം റോഡിൽ ഓയിൽ ചോർന്നത് വാഹനങ്ങൾക്ക് അപകട ഭീഷണിയുയർത്തി. ഇന്നലെ രാവിലെ തൊട്ടിൽ പാലം വയനാട് ചുരം റോഡിലെ പൂതംപാറയ്ക്കും ഒന്നാം വളവിനും മദ്ധ്യേയാണ് അജ്ഞാതവാഹനത്തിൻ നിന്നും ഓയിൽ ചോർന്നത്. ഇതോടെ വലിയ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുകയും, ഇരുചക്ര വാഹനങ്ങൾ തെന്നി യാത്രക്കാർ വീഴുകയുമായിരുന്നു. തുടർന്ന് ചുരം ഡിവിഷൻ സന്നദ്ധ പ്രവർത്തകർ നാദാപുരം അഗ്നി രക്ഷാനിലയത്തിൽ അറിയിച്ചതിനെ തുടർന്ന് അസി. സ്റ്റേഷൻ ഓഫീസർ പി.കെ സജിലന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ മനോജ്.കെ , അരുൺ പ്രസാദ് , സജീഷ് എം എന്നിവരും ചുരം ഡിവിഷൻ പ്രവർത്തകരുമെത്തി റോഡ് ശുചീകരിച്ച് യാത്രായോഗ്യമാക്കുകയായിരുന്നു.