തെന്മല എർത്ത് ഡാമിൽ നിരോധനം ലംഘിച്ച് ആഡംബര കാറുകൾ

Monday 13 March 2023 12:53 AM IST

പുനലൂർ: വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുള്ള തെന്മല എർത്ത് ഡാമിനുള്ളിലെ തന്ത്ര പ്രധാന മേഖലയിൽ വിനോദ സഞ്ചാരികളുടെ ആഡംബര കാറുകൾ കയറ്റിവിട്ടു.

പരപ്പാർ അണക്കെട്ടിന്റെ തന്ത്രപ്രധാന മേഖലയായ വള്ളംവെട്ടിയിലെ എർത്ത് ഡാമിലേക്കുള്ള പ്രധാന കവാടത്തിലൂടെ വാഹനങ്ങൾ കയറുന്നത് കെ.ഐ.പി അധികൃതർ നിരോധിച്ചതാണ്. ബോർഡും സ്ഥാപിച്ചിട്ടുണ്ട്. ഇത് ലംഘിച്ചാണ് ഇന്നലെ വൈകിട്ട് 4.30 ഓടെ ആഡംബര കാറിലെത്തിയ ചില വിനോദ സഞ്ചാരികൾ പ്രധാന കവാടത്തിലൂടെ ഉള്ളിലേക്ക് കടന്നത്. ഇത് കണ്ടുനിന്ന മറ്റ് ടൂറിസ്റ്റുകൾ സെക്യൂരിറ്റി ജീവനക്കാരെ പ്രതിഷേധം അറിയിച്ചു.

വൃദ്ധരും കുട്ടികളുമടക്കമുള്ള വിനോദ സഞ്ചാരികൾ ചെങ്കോട്ട- തിരുവനന്തപുരം പാതയോരത്തെ പ്രധാന കവാടത്തിന് മുന്നിൽ വാഹനങ്ങൾ പാർക്ക് ചെയ്ത ശേഷം കാൽനടയായിട്ടാണ് എർത്ത് ഡാം നേരിൽ കാണാനും ബോട്ട് യാത്ര നടത്താനും എത്തുന്നത്.

24 മണിക്കൂറും അടച്ചിടുന്ന പ്രധാന കവാടത്തിലൂടെ നടന്ന് ബോട്ട് യാർഡിലും മറ്റും കയറി പോകാനുള്ള സൗകര്യമാണ് അധികൃതർ ഒരുക്കിയിട്ടുള്ളത്. എന്നാൽ ഇന്നലെ കാറിലെത്തിയ വിനോദ സഞ്ചാരികൾ പ്രധാന കവാടത്തിലെ ഗേറ്റ് തുറന്ന ശേഷമാണ് കാറുകൾ കയറ്റി പോയത്. തുടർന്ന് ടൂറിസ്റ്റുകൾ കാറിലിരുന്ന് എർത്ത് ഡാം പ്രദേശമാകെ സഞ്ചരിച്ച് പ്രകൃതി സൗന്ദര്യം ആസ്വദിച്ച ശേഷമാണ് തിരികെ മടങ്ങിയത്.

നിരോധനം ലംഘിച്ച് ആഡംബര കാർ കടന്നുവരുന്നത് കണ്ടിട്ടും സെക്യൂരിറ്റി ജീവനക്കാർ തടയാനോ, തുടർ നടപടി സ്വീകരിക്കാനോ തയ്യാറായില്ല.

സഞ്ചാരികൾ

കെ.ഐ.പിയാണ് എർത്ത് ഡാമിലേക്കുള്ള റോഡിൽ നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. ഇവരുടെ സെക്യൂരിറ്റി ജീവനക്കാരാണ് വാഹനങ്ങളെ നിയന്ത്രിക്കേണ്ടത്.

വനം വകുപ്പ് അധികൃതർ