ഭാര്യവീട്ടിൽ അതിക്രമം, യുവാവും സുഹൃത്തുക്കളും അറസ്റ്റിൽ
Monday 13 March 2023 12:56 AM IST
പത്തനാപുരം: ഭർത്താവുമായി പിണങ്ങി മാതാപിതാക്കളോടൊപ്പം താമസിച്ചുവന്ന യുവതിയുടെ വീട്ടിലെത്തി അതിക്രമം കാട്ടിയ യുവാവിനെയും സുഹൃത്തുക്കളെയും പത്തനാപുരം പൊലീസ് അറസ്റ്റ് ചെയ്തു.
കരുനാഗപ്പള്ളി കാട്ടിൽ കടവ് മനാഫ് മൻസിലിൽ ഷംനാസ് (23), കരുനാഗപ്പള്ളി വവ്വാക്കാവ് വൈശ്യന്റയ്യത്ത് വീട്ടിൽ അമീൻ ഷാ (30), ഇയാളുടെ സഹോദരൻ അക്ബർ ഷാ (26), കരുനാഗപ്പള്ളി കോഴിക്കോട് മനയിൽ തറയിൽ വീട്ടിൽ മുഹമ്മദ് റഫീഖ് (26) എന്നിവരാണ് അറസ്റ്റിലായത്. ഷംനാസാണ് യുവതിയുടെ ഭർത്താവ്. 10ന് രാത്രി 12 ഓടെ പ്രതികൾ സംഘം ചേർന്ന് കുണ്ടയത്തുള്ള ഭാര്യവീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. ജനൽ ചില്ലുകൾ തകർക്കുകയും വീട്ടുകാരെ ഉപദ്രവിക്കുകയും ചെയ്തു. ബഹളം കേട്ട് അയൽക്കാരെത്തിയതോടെ പ്രതികൾ വാള് വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കാറിൽ രക്ഷപ്പെട്ടു. യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. പ്രതികളെ റിമാൻഡ് ചെയ്തു.