പിതാവിനെ കൊലപ്പെടുത്തിയ മകൻ റിമാൻഡിൽ

Monday 13 March 2023 12:09 AM IST

തഴവ: കുടുംബ വഴക്കിനിടെ പിതാവിനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ മകനെ റിമാൻഡ് ചെയ്തു. കുലശേഖരപുരം കൃഷ്ണൻ ഭവനിൽ കൃഷ്ണൻകുട്ടി നായർ (72) കൊല്ലപ്പെട്ട കേസിൽ ആശാകൃഷ്ണനാണ് (39) റിമാൻഡിലായത്.

ആശാകൃഷ്ണന്റെ ഭാര്യ രണ്ട് മാസമായി പിണങ്ങി മാറി താമസിച്ചു വരികയാണ്. ഇതിന് കാരണം പിതാവാണെന്ന വിരോധത്തിലായിരുന്നു മകൻ. വെള്ളിയാഴ്ച രാത്രി ആശാകൃഷ്ണൻ ഭാര്യയെ വീട്ടിലേയ്ക്ക് തിരികെ വിളിക്കാൻ ശ്രമിച്ചു. ഇതേച്ചൊല്ലി പിതാവുമായി തർക്കത്തിലായി. അതിനിടെ പ്രതി കൈയിൽ കരുതിയിരുന്ന കമ്പിവടി ഉപയോഗിച്ച് പിതാവിന്റെ മുഖത്തും തലയിലും അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച മാതാവിനെയും അടിച്ച് പരിക്കേൽപ്പിച്ചു. സ്ഥലത്തെത്തിയ പൊലീസ് വീട്ടുവളപ്പിൽ നിന്നുതന്നെ ആശാകൃഷ്ണനെ പിടികൂടുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം കൃഷ്ണൻകുട്ടി നായരുടെ മൃതദേഹം സംസ്കരിച്ചു.