മൂന്ന് നഗരങ്ങളിൽ ഉടൻ സിറ്റി ഗ്യാസ്

Monday 13 March 2023 12:11 AM IST

കൊല്ലം: കരുനാഗപ്പള്ളിക്ക് പുറമേ കൊല്ലത്തെയും കൊട്ടാരക്കരയിലെയും വീടുകളിൽ പൈപ്പ് ലൈൻ വഴി പ്രകൃതിവാതകമെത്തും. കരുനാഗപ്പള്ളിയിൽ ജൂണിൽ വിതരണം ആരംഭിക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ. കൊട്ടാരക്കരയിൽ ആറ് മാസത്തികനകവും കൊല്ലത്ത് എട്ട് മാസത്തിനുള്ളിലും വിതരണം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

മൂന്നിടങ്ങളിലും ഡി കമ്പ്രഷൻ യൂണിറ്റുകൾ സ്ഥാപിച്ചാണ് പ്രകൃതിവാതകം വിതരണം ചെയ്യുന്നത്. കൊച്ചിയിലെ പ്ലാന്റിൽ നിന്ന് ലോറിയിൽ എത്തിക്കുന്ന സമ്മർദ്ദിത പ്രകൃതി വാതകം ഡി കമ്പ്രഷൻ യൂണിറ്റിൽ വച്ച് രൂപമാറ്റം വരുത്തി പൈപ്പുകൾ വഴി വീടുകളിലെത്തിക്കും. സി.എൻ.ജി വലിയ അളവിൽ സംഭരിച്ച് രൂപമാറ്റം വരുത്തി വിതരണം ചെയ്യാവുന്ന എൽ.സി.എൻ.ജി പ്ലാന്റുകൾ സ്ഥാപിക്കാൻ സ്ഥലം കിട്ടാത്ത സാഹചര്യത്തിലാണ് പലയിടങ്ങളിലായി ഡി കമ്പ്രഷൻ യൂണിറ്റുകൾ സ്ഥാപിക്കുന്നത്.

ഡി കമ്പ്രഷൻ യൂണിറ്റുകൾ

 കൊട്ടാരക്കരയിൽ മേലില പഞ്ചായത്തിൽ

 പ്ലാന്റ് നിർമ്മാണവും പൈപ്പിടലും ആറ് മാസത്തിനകം പൂർത്തിയാകും

 കൊല്ലം നഗരത്തിൽ മേവറം ജംഗ്ഷനിൽ

 കരുനാഗപ്പള്ളിയിൽ അമ്പാടിമുക്കിൽ പ്ലാന്റിന് സ്ഥലം ലഭിച്ചു

 ഇവിടെ ആദ്യഘട്ടത്തിൽ പൈപ്പ് ലൈൻ സ്ഥാപിക്കുക 22 കിലോ മീറ്റർ

 ഇതിൽ പത്ത് കിലോമീറ്റർ മുനിസിപ്പാലിറ്റി റോഡിൽ പൈപ്പ്ലൈൻ സ്ഥാപിക്കാൻ അനുമതി ലഭിച്ചു

വിലക്കുറവ് ആശ്വാസമാകും

എൽ.പി.ജിയേക്കാൾ സി.എൻ.ജിക്ക് വിലക്കുറവാണ്. അതിന് പുറമേ അപകടരഹിതവുമാണ്. പൈപ്പ് ലൈൻ വഴി എത്തുന്നതിനാൽ തുടർച്ചയായി ലഭിക്കും. എൽ.പി.ജിയുടെ വില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ വലിയൊരു വിഭാഗം ജനങ്ങൾ സി.എൻ.ജിയുടെ വരവ് പ്രതീക്ഷിച്ചിരിക്കുകയാണ്.

ഓരോ മേഖലയിലും ഘട്ടംഘട്ടമായി അയ്യായിരം കുടുംബങ്ങൾക്ക് പ്രകൃതി വാതകം വിതരണം ചെയ്യാൻ കഴിയുന്ന രീതിയിലാണ് സിറ്റി ഗ്യാസ് പദ്ധതി.

എ.ജി.പി അധികൃതർ