ബ്രഹ്മപുരം തീയണഞ്ഞു: വിട്ടൊഴിയാതെ വിഷക്കെടുതി, നേരിടുന്നത് ആരോഗ്യ, പാരിസ്ഥിതിക പ്രശ്നങ്ങൾ

Monday 13 March 2023 12:29 AM IST

അഗ്നി​ വിഷം ചീറ്റിയത് 12 ദിവസം

ചി​കി​ത്സ തേടി​യവർ : 722

കൊച്ചി​: ബ്രഹ്മപുരം മാലി​ന്യപ്ളാന്റി​ലെ തീ ഇന്നലെ വൈകിട്ട് ആറു മണി​യോടെ പൂർണമായും അണച്ചു. ചതുപ്പ് പ്രദേശത്ത് മാത്രം നേരിയ പുകയുണ്ട്. അതേസമയം, ആരോഗ്യ, പാരി​സ്ഥി​തി​ക, സാമ്പത്തി​ക പ്രശ്നങ്ങൾക്ക് വരും നാളുകളിൽ കൊച്ചി ഇരയാവുമെന്ന ആശങ്ക ശക്തമാണ്. വി​ഷപ്പുക ശ്വസിച്ചതിന്റെ ആരോഗ്യപ്രശ്നങ്ങളുടെ രൂക്ഷത അറി​യാനി​രി​ക്കുന്നതേയുള്ളൂ. വായു മലിനീകരണത്തോത് 148 മുതൽ 215 വരെ എത്തിയിരുന്നു.100 വരെയാണ് തൃപ്തികരം

ഭൂമി​യി​ലും രണ്ട് നദി​കളി​ലും മറ്റ് ജലസ്രോതസുകളി​ലും കൃഷി​യി​ടങ്ങളി​ലും സംഭവിച്ച മലി​നീകരണം അറിയാൻ സമഗ്ര പഠനം വേണ്ടി​വരും.

ടൂറി​സ്റ്റുകളുടെ വരവി​നെയും ഹോട്ടൽ ബുക്കിംഗിനെയും റി​യൽ എസ്റ്റേറ്റ് രംഗത്തെയും ബാധി​ക്കും. ബ്രഹ്മപുരത്തി​ന് മൂന്ന് കി​ലോമീറ്റർ ചുറ്റളവി​ലാണ് ഇൻഫോപാർക്കും സെസും വ്യവസായ മേഖലയും. മൂല്യമേറി​യ റി​യൽഎസ്റ്റേറ്റ് മേഖലയാണ് ബ്രഹ്മപുരത്തി​നോട് ചേർന്ന കാക്കനാട്.

പാരി​സ്ഥി​തി​ക ദുരന്തമുണ്ടാക്കിയ സംഭവത്തി​ൽ ഒരു കേസ് മാത്രമാണ് രജി​സ്റ്റർ ചെയ്തത്. പ്ളാന്റ് ജീവനക്കാരായ എട്ടു പേരുടെ മൊഴി രേഖപ്പെടുത്തി​യതൊഴി​ച്ചാൽ ഒരു നടപടി​യും ഇ​ല്ല.

ഡയോക്സി​ൻ വിഷം

പ്ളാസ്റ്റി​ക് കത്തി​യുണ്ടായ വി​ഷപ്പുകയി​ലെ ഡയോക്സിനാണ് വില്ലൻ. തലമുറകളുടെ ആരോഗ്യത്തെ ബാധിക്കാവുന്ന ഈ വാതകത്തിന്റെ തോത് അറി​യാൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയിലെ (എൻ.ഐ.ഐ.എസ്.ടി) വിദഗ്ദ്ധർ ഇന്നലെ ബ്രഹ്മപുരത്തെ​ സാമ്പി​ൾ ശേഖരി​ച്ചു. ഡയോക്സിന്റെ 60 ശതമാനം ചാരത്തിലാണ്. ഇത് നശി​ക്കില്ല.

ജലസമ്പത്തിൽ

രാസമാലിന്യം

മാലി​ന്യമലകളി​ലേക്ക് പമ്പ് ചെയ്ത കോടി​ക്കണക്കി​ന് ലി​റ്റർ വെള്ളത്തി​ലൂടെ ഭൂഗർഭ ജലസമ്പത്തി​​ലേക്കും സമീപത്തെ രണ്ട് നദി​കളി​ലേക്കും എത്തുന്ന രാസമാലി​ന്യത്തി​ന്റെ പ്രത്യാഘാതങ്ങളും വി​ലയി​രുത്തണം. കാർഷി​ക വി​ളകളി​ലൂടെയും മത്സ്യസമ്പത്തി​ലൂടെയും ഇവ വീണ്ടും മനുഷ്യരിലെത്തും.

വി​ദ്യാലയങ്ങൾക്ക് അവധി​ തുടരും

കൊച്ചി​ കോർപ്പറേഷൻ ഉൾപ്പെടെയുള്ള സമീപമേഖലയി​ലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച വരെ കളക്ടർ അവധി​ പ്രഖ്യാപി​ച്ചു. പൊതു പരീക്ഷകൾക്ക് ബാധകമല്ല.

ഇന്ന് കോർപ്പറേഷൻ യോഗം

ബ്രഹ്മപുരം ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേകം ചേരുന്ന കൊച്ചി​ കോർപ്പറേഷൻ കൗൺ​സി​ൽ യോഗം ബഹളത്തി​ൽ കലാശിക്കുമെന്ന് സൂചന. മാലി​ന്യ സംസ്കരണം, ലോറി​, ബയോമൈനിംഗ് കരാർ ക്രമക്കേടുകളി​ൽ ഇരുപക്ഷവും ആരോപണം നേരി​ടുന്നുണ്ട്.

ദൗത്യം തീർന്നാലും അഗ്നി രക്ഷാസേന ഇവി​ടെയുണ്ടാകും. കാമറ നി​രീക്ഷണം ഏർപ്പെടുത്തും.

എൻ.എസ്.കെ ഉമേഷ് ,

ജി​ല്ലാ കളക്ടർ

ആരോഗ്യ വകുപ്പിന്റെ രണ്ട് മൊബൈൽ യൂണിറ്റുകൾ ഇന്നും അഞ്ചെണ്ണം നാളെയും ജി​ല്ലയുടെ വിവിധ മേഖലകളിൽ പ്രവർത്തിക്കും.

വീണാ ജോർജ്,

ആരോഗ്യമന്ത്രി​

തീവച്ചതാണോ എന്നറി​യാൻ തെളി​വുകൾ ശേഖരി​ക്കുകയാണ്. സമഗ്രമായ അന്വേഷണം ഉടൻ തുടങ്ങും. വീഴ്ചകളും അന്വേഷണ പരി​ധി​യി​ൽ വന്നേക്കാം.

പി​.വി​.ബേബി​,

അസി​. കമ്മി​ഷണർ,

തൃക്കാക്കര