സുപ്രീംകോടതിയിൽ സത്യവാങ്മൂലം: സ്വവർഗ വിവാഹം സാദ്ധ്യമല്ല -കേന്ദ്രം
ഇന്ത്യൻ കുടുംബ സങ്കൽപ്പത്തിന് വിരുദ്ധം
ചീഫ് ജസ്റ്റിസിന്റെ കോടതിയിൽ ഇന്ന് വാദം
ന്യൂഡൽഹി : സ്വവർഗ വിവാഹം ഭാര്യയും ഭർത്താവും കുട്ടികളും അടങ്ങുന്ന ഇന്ത്യൻ കുടുംബ സങ്കൽപത്തിന് എതിരാണെന്നും നിയമപരമായി അംഗീകരിക്കാനാവില്ലെന്നും ശക്തമായ ഭാഷയിൽ സുപ്രീംകോടതിയെ അറിയിച്ച് കേന്ദ്രസർക്കാർ.
സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹ രജിസ്ട്രേഷൻ അനുവദിക്കണമെന്ന സ്വവർഗ പങ്കാളികളുടെ പൊതുതാത്പര്യ ഹർജികളിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം മുൻ നിലപാട് ആവർത്തിച്ചത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ബെഞ്ച് ഇന്ന് വാദം കേൾക്കും. സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമല്ലെന്ന 2018ലെ ചരിത്രവിധി പുറപ്പെടുവിച്ച അഞ്ചംഗ ബെഞ്ചിൽ അംഗമായിരുന്നു ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് .
പുരുഷനും സ്ത്രീയും അവരുടെ വിവാഹത്തിലൂടെ ജനിക്കുന്ന കുട്ടികളും അടങ്ങുന്നതാണ് ഇന്ത്യൻ കുടുംബ സങ്കൽപ്പമെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. വിവാഹം പുരുഷനും സ്ത്രീയും തമ്മിലുള്ള വിശുദ്ധ കൂടിച്ചേരലും സംസ്‌കാരവുമാണ്. അതിന് ആചാരങ്ങളും അനുഷ്‌ഠാനങ്ങളും, മതപരമായ രീതികളും സാസ്‌കാരിക - സാമൂഹ്യ മൂല്യങ്ങളുമുണ്ട്. ആ രീതികൾ മാറ്റാൻ നിയമനിർമ്മാണ സഭയ്ക്കല്ലാതെ സുപ്രീംകോടതിക്ക് കഴിയില്ല. സ്വവർഗ ലൈംഗിക ബന്ധം കുറ്റകൃത്യമല്ലെന്നേ സുപ്രീംകോടതി വിധി പറഞ്ഞിട്ടുള്ളൂ. അതിന് നിയമ സാധുത നൽകിയിട്ടില്ലെന്നും സ്വവർഗ വിവാഹം ഭരണഘടനയുടെ 21വകുപ്പ് പ്രകാരം ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ഭാഗമായി അംഗീകരിച്ചിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
സ്വവർഗ വിവാഹം നിയമപരമാക്കിയാൽ വ്യക്തി നിയമങ്ങളും നിയമ സംഹിതകളും ലംഘിക്കപ്പെടും. ഒരേ ലിംഗത്തിലുളളവർ തമ്മിൽ കുടുംബപ്രശ്‌നങ്ങൾ ഏറെയായിരിക്കും. വിവാഹമോചനം, ദത്തെടുക്കൽ, ജീവനാംശം, പിന്തുടർച്ചാവകാശം തുടങ്ങിയവ സങ്കീർണമാകുമെന്നും കേന്ദ്രം വ്യക്തമാക്കി.
19 ഹർജികൾ
സ്വവർഗ വിവാഹത്തിന് നിയമ സാധുത തേടുന്ന 19 ഹർജികളാണ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിൽ ഇന്ന് ലിസ്റ്റ് ചെയ്‌തിരിക്കുന്നത്. ഹൈക്കോടതികളിൽ നിന്ന് സുപ്രീംകോടതി വിളിച്ചുവരുത്തിയ ഹർജികളും ഇതിലുണ്ട്.
ചരിത്രവിധി
2018 സെപ്‌തംബർ 6നാണ് നവ്തേജ് സിംഗ് ജോഹർ കേസിൽ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് സ്വവർഗ ലൈംഗികത കുറ്റമല്ലെന്ന ചരിത്രവിധി പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, ഇന്ദു മൽഹോത്ര, ആർ.എഫ്. നരിമാൻ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരായിരുന്നു ബെഞ്ചിലുണ്ടായിരുന്നത്.