എയർ ഹോസ്റ്റസ് ബംഗളൂരുവിൽ ഫ്ലാറ്റിൽ നിന്ന് വീണു മരിച്ചു

Monday 13 March 2023 12:42 AM IST

കാസർകോട്: കാസർകോട് സ്വദേശിയായ സുഹൃത്തിനെ കാണാൻ ദുബായിൽ നിന്ന് ബംഗളൂരുവിൽ എത്തിയ എയർ ഹോസ്റ്റസിനെ ഫ്ളാറ്റിൽ നിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തി. ഹിമാചൽ സ്വദേശിയായ 28 കാരി അർച്ചന ധിമാൻ ആണ് മരിച്ചത്.

കോറമംഗല മല്ലപ്പ റെഡ്ഡി ലേ ഔട്ടിലെ എട്ടാം ബ്ലോക്കിലെ അപ്പാർട്ട്‌മെന്റിന്റെ നാലാം നിലയിൽ നിന്നാണ് വീണത്. ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട സുഹൃത്ത് ആദേശിനെ (26) കാണാനാണ് എത്തിയത്. ഫ്ളാറ്റിലുണ്ടായിരുന്ന

ആദേശ് പൊലീസ് കസ്റ്റഡിയിലാണ്.

പലവട്ടം ഇവർ ബംഗളൂരുവിൽ സുഹൃത്തിനൊപ്പം താമസിച്ചിട്ടുണ്ട്. അർച്ചന ദുബായ് ആസ്ഥാനമായ എയർലൈനിലെ ജീവനക്കാരിയാണ്.

വെള്ളിയാഴ്ച അർധരാത്രിയോടെ കെട്ടിടത്തിന്റെ നാലാം നിലയിലെ ഇടനാഴിയിൽ നിന്ന് താഴേക്ക് വീണെന്ന് ആദേശ് പൊലീസിനെ അറിയിക്കുകയായിരുന്നു. ഇടനാഴിയിലൂടെ നടക്കുമ്പോൾ കാൽ വഴുതി വീണെന്നാണ് ഇയാൾ പറയുന്നത്. ഗുരുതരമായി പരിക്കേറ്റ അർച്ചനയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. വീട്ടുകാരെ അറിയിച്ചിട്ടുണ്ട്.

എട്ട് മാസമായി ഇരുവരും സുഹൃത്തുക്കളായിരുന്നു. ബുധനാഴ്ച ബംഗളൂരുവിൽ എത്തിയ അർച്ചന ആദേശിനൊപ്പമാണ് താമസിച്ചത്. ബംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ഓർഡർ ടെക്നീഷനാണ് ആദേശ്.

അർച്ചന അബദ്ധത്തിൽ വീണതാണോ, ചാടിയതാണോ, തള്ളിയിട്ടതാണോ എന്നെല്ലാം പൊലീസ് അന്വേഷിക്കുന്നു. യുവാവ് കാസർകോട് സ്വദേശിയാണോ എന്നതു സംബന്ധിച്ച് അറിവില്ലെന്നാണ് കാസർകോട് പൊലീസും രഹസ്യാന്വേഷണ വിഭാഗവും പറയുന്നത്.